ഡൽഹി: ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള 42 സ്കൂളുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.
സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാവുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 6.15നാണ് സന്ദേശം ലഭിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടികളെ സ്‌കൂളില്‍ നിന്നും തിരിച്ചയച്ചു.
ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് പറഞ്ഞു. നിലവില്‍ പോലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്. ആദ്യം 2 സ്കൂളുകൾക്കും പിന്നാലെ 40 ഓളം സ്കൂളുകൾക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്.
അഗ്നി രക്ഷാ സേന, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പോലീസ് എന്നിവരടക്കം സ്‌കൂളിലുണ്ട്. എന്നാൽ സംശയാസ്പദമായ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ടു മാസങ്ങൾക്ക് മുന്നേയും ഡൽഹിയിൽ സമാനമായി സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.