ന്യൂഡല്‍ഹി: ട്വീറ്റിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം ലഭിച്ചു. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. അഞ്ച് ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഡല്‍ഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകള്‍ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചത്.
ഡിജിറ്റല്‍ തെളിവുകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയില്‍ കോടതി ഉള്‍പ്പെടുത്തി. അതേസമയം ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുബൈര്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരും. ഈ കേസില്‍ കൂടി ജാമ്യം നേടിയാല്‍ മാത്രമേ സുബൈറിന് ജയില്‍ മോചിതനാകാന്‍ കഴിയൂ. ഹിന്ദു സന്യാസിമാരെ വിദ്വേഷം വ്യാപിപ്പിക്കുന്നവര്‍ എന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനെതിരെ ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സുബൈര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രണ്ട് കേസുകളാണ് സുബൈറിനെതിരെ ഇപ്പോഴുള്ളത്.