Press Club Vartha

ഇന്ന് ബലിപെരുന്നാൾ

ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ബലിപെരുന്നാൾ ഇന്ന്. ബക്രീദ് എന്നും ബലിപെരുന്നാളെന്നും അറിയപ്പെടുന്ന വലിയ പെരുന്നാൾ ആക്ഷോഷിക്കാനൊരുങ്ങുകയാണ് ഇന്ന് രാജ്യം.

അല്ലാഹുവിന്റെ ആവശ്യപ്രകാരം പ്രവാചകനായ ഇബ്രാഹിം നബി തന്റെ കടിഞ്ഞൂൽ പുത്രനെ ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെ ഓർമയിൽ ആത്മീയതയുടെ പരിശുദ്ധിയിലാണ് ഇസ്ലാം മതസ്ഥർ. പെരുന്നാൾ പ്രമാണിച്ച് എല്ലാ ജമാഅത്തകളിലും രാവിലെ പെരുന്നാൾ നമസ്ക്കാരം നടന്നു. തക്ബീറുകൾ ചൊല്ലി പ്രാത്ഥനയിൽ സജീവമാവുകയാണ് ഇന്ന് ഇസ്ലാം മതസ്ഥർ. സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രകാശത്തിൽ ഇതര മതസ്ഥരും പെരുന്നാൾ ആഘോഷമാക്കുകയാണ്.

മുഖ്യമന്ത്രി ബക്രീദിശംസകൾ നേർന്നു. സ്പീക്കർ എംബി രാജേഷ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും വലിയപെരുന്നാളാശംസകൾ നേർന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ആശംസ വാചകമിങ്ങനെ –

‘മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണം.

ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ.
സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു.’

Share This Post
Exit mobile version