Press Club Vartha

പതിനാറു കാരിയുടെ അണ്ഡം വിൽപന നടത്തിയ സംഭവം: നാല് ആശുപത്രികൾ അടച്ചുപൂട്ടി

ചെന്നൈ: 16-കാരിയുടെ അണ്ഡം വിൽപന നടത്തിയെന്ന ആരോപണത്തിൽ തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെൺകുട്ടിയെ അമ്മ നിർബന്ധിച്ച് എട്ടു തവണ അണ്ഡം വിൽപന നടത്തിയ സംഭവത്തിലാണ് ഈ നടപടി.

ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂർത്തിയായ വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ നിയമപരമായി അണ്ഡം ദാനംചെയ്യാൻ അനുവാദമുള്ളൂ, അതും ഒരിക്കൽ മാത്രം. എന്നാൽ ഈ സംഭവത്തിൽ 16-കാരിയെ പലതവണ നിർബന്ധിപ്പിച്ച് അണ്ഡം വിൽപന നടത്തിയെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്മണ്യൻ പറഞ്ഞു.

ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡ് നിർമിച്ചു. കൂടാതെ ഭർത്താവിന്റേതെന്ന പേരിൽ വ്യാജമായി സമ്മതപത്രവും ഉണ്ടാക്കി.

അനധികൃതമായി ആധാർ നിർമിച്ചതിനെതിരേയും പോക്സോ വകുപ്പുകളും ചേർത്താണ് അധികൃതർക്കെതിരെയും പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. ആശുപത്രികൾക്ക് 50 ലക്ഷംവരെ പിഴയും, ഇതിലുൾപ്പെട്ട ഡോക്ടർമാർക്ക് പത്ത് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗികളുടെ താത്പര്യം കണക്കിലെടുത്ത് ആശുപത്രികൾ അടച്ചിടാൻ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. ഇതിൽ രണ്ട് ആശുപത്രികൾ സംസ്ഥാന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പ്രകാരമുള്ള എംപാനൽമെന്റ് നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേയും ആന്ധാപ്രദേശിലേയും ഓരോ ആശുപത്രികളും അണ്ഡവിൽപനയിൽ പങ്കാളികളായിട്ടുണ്ടെന്നും ആരോപണമുണ്ട്.

Share This Post
Exit mobile version