Press Club Vartha

ഇന്ത്യയിൽ ബി.എഫ്. 7 വകഭേദം വീണ്ടും , സ്ഥിരീകരിച്ചത് അമേരിക്കയിൽ നിന്നെത്തിയ നാലു ബംഗാൾ സ്വദേശികളിൽ

ന്യൂഡൽഹി. ചൈനയില്‍ കൊവിഡ് അതിവേഗം പരത്തുന്ന ബി എഫ്.7 വകഭേദം ഇന്ത്യയില്‍ വീണ്ടും സ്ഥിരീകരിച്ചു.
ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലു ബംഗാള്‍ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്.
ഇവർ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേര്‍ നാദിയ നിവാസികളും ഒരാള്‍ കൊല്‍ക്കത്ത നിവാസിയുമാണ്.
ഡിസംബര്‍ ആദ്യവാരത്തിലാണ് നാലുപേരും ബംഗാളിലെത്തിയത്.

പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബി എഫ്.7 വകഭേദം കണ്ടെത്തിയത്.
എന്നാൽ ആശുപത്രി ചികിത്സയ്ക്ക് മുമ്പു തന്നെ നാലുപേരും രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റാര്‍ക്കും രോഗം പകര്‍ന്നില്ല. അതിനാല്‍ തന്നെ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 188 ആണ്. നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2554. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധയേറ്റവരുടെ എണ്ണം 4,46,79,319 ആയി ഉയര്‍ന്നു.
5,30,710 പേരാണ് കൊവിഡ് ബാധിച്ച്‌ ഇതുവരെ മരണപ്പെട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.80 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share This Post
Exit mobile version