ആദ്യമാദ്യം ഏതെങ്കിലും ഇടനിലക്കാർ വഴി കുഞ്ഞുങ്ങളുടെ കയ്യിലേക്ക് എത്തിയ്ക്കുന്ന ലഹരിയ്ക്ക് പതിയെ പതിയെ കുഞ്ഞുങ്ങൾ അടിമയായി പോകുന്നു. അവിടെ ഇടനിലക്കാർ അവരെ മാർക്കറ്റ് ചെയ്യുന്നു. മിട്ടായി തുണ്ടും കടലാസ്സു കഷ്ണങ്ങളും നിറയുന്ന പുസ്തക കെട്ടുകൾക്കിടയിൽ ആരുമറിയാതെ ഒളിപ്പിച്ച പേരു പോലും അറിയാത്ത ലഹരി വസ്തുക്കൾ
കുഞ്ഞുങ്ങളുടെ ഭാവിയെ തച്ചുടച്ച് പോകുന്നു.
ക്ലാസ് മുറിയിൽ തലചുറ്റി വീണ പന്ത്രണ്ടുകരിയുടെ രക്തത്തിൽ അപകടകരമാം വിധം ലഹരിയുടെ അംശം കണ്ടെത്തിയത് അങ്ങ് ദൂരെ നാട്ടിൽ ഒന്നുമല്ല. നമ്മുടെ ചുറ്റും അതുപോലെ ജീവിതം മുരടിച്ചുപോകുന്ന എത്ര എത്ര കുഞ്ഞുങ്ങൾ?
ലഹരിയ്ക്ക് അടിമപ്പെട്ടു പോയതിനു ശേഷം അത് കിട്ടാതെ വരുമ്പോൾ മനുഷ്യനായി ചിന്തിക്കാൻ പോലും അവർ ശ്രമിക്കില്ലെന്നതിനു എത്രഎത്ര തെളിവുകൾ?
എത്ര കൊലപാതകങ്ങൾ? എത്ര കുടുംബങ്ങളുടെ കണ്ണുനീര്?
ലഹരിയെ ഒന്നടങ്കം തുടച്ചുമാറ്റാം എന്ന ലക്ഷ്യത്തോടെ ഇഴഞ്ഞു നീങ്ങുന്ന എത്രയെത്ര പദ്ധതികൾ?
ഒന്നിനും ഒരവസാനമില്ലാതെ നീങ്ങുമ്പോൾ ഇതിൽ നിന്നുമൊക്കെ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നമുക്ക് ലഹരിയോട് നോ പറയാം. നമ്മുടെ മക്കൾ എങ്കിലും ഇത്തരം ചതിക്കുഴികളിൽ വീഴാതെ നോക്കാം.
സബിത രാജ്