ജയ ജയ ജയഹേ സിനിമയിൽ ബേസിൽ തന്റെ കോഴിഫാംയിലെ സുഹൃത്തുക്കളോട് പറഞ്ഞു വെക്കുന്ന ഒരു ഡയലോഗ് ഉണ്ട്. ഒരാണിനും തനിച്ച് ഒരുപാടു കാലം ജീവിക്കാൻ കഴിയില്ല. പക്ഷെ സ്ത്രീകൾക്ക് പറ്റും എന്നത്, ശരിയാണ്. ഡിവോഴ്‌സിന്റെ വക്കിൽ എത്തിയൊരു ബന്ധത്തെ അതുവരെ ലാഘവത്തോടെ കണ്ടിരുന്ന മനുഷ്യർക്കിടയിലേക്ക് അയാൾ തുറന്നു വെക്കുന്നത് ശരാശരി പുരുഷന്റെ മാനസികാവസ്ഥയെ തന്നെയാണ്.
പുറമെ കാര്യങ്ങൾ ഗ്രഹിക്കാനും ചെയ്യുവാനും ഒക്കെ സ്ത്രീകളെക്കാൽ വളരെ മുന്നിലാണ് പുരുഷൻ എന്നാൽ ചില കാര്യങ്ങൾ എടുത്താൽ സ്‌ത്രീയ്‌ക്കൊപ്പം തന്നെ ഇമോഷനുകളും മൂഡ്‌സ്വിങ്ങുകളും ഒക്കെ പുരുഷനെയും ബാധിക്കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള മനുഷ്യരിലേക്ക് തന്നെ ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ നമുക്കതിനു പിന്നിലെ സത്യാവസ്ഥ മനസ്സിലാവും.
വർധക്യത്തിൽ ഭാര്യ ജീവിച്ചിരിയ്ക്കേ ഭർത്താവ് മരിക്കുന്നതാണ് അയാൾക്ക് കിട്ടാവുന്ന ഏറ്റവും വല്യ ഭാഗ്യമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭാര്യ മരിച്ചു പോയ പുരുഷന്മാർ അതി ദാരുണമായി ജീവിതത്തെ ജീവിച്ചു തീർക്കുന്നത് കണ്ടിട്ടുണ്ട്. മരവിച്ച് പോയ മനസ്സും ശരീരവുമായി അവർ മാറുന്നത് കണ്ടു നിൽക്കേണ്ടി വന്നിട്ടുണ്ട്.
എന്നാൽ സ്ത്രീകൾ കുറച്ചുകൂടി യാഥാർഥ്യത്തെ പെട്ടെന്ന് അംഗീകരിച്ച് ജീവിച്ചു പോകുന്നവരാണ്. ചിലപ്പോഴൊക്കെ ഹൃദയങ്ങൾക്ക് പറയാനുള്ളതൊക്കെ ഉള്ളിലൊതുക്കി വളരെ അധികം പാടുപെട്ട് അവർ ജീവിച്ചു തീർക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ ഓർമ്മകളോ എന്തെങ്കിലും സ്ത്രീകളെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നു എങ്കിൽ വളരെ കുറച്ച് പുരുഷന്മാരിലെ അത് പ്രാവർത്തികമാകുന്നുള്ളു. പലരും ഓർമ്മകളാൽ വേട്ടയാടപ്പെട്ട് ജീവിക്കുന്നതായി നമുക്ക് തോന്നാം. അതിനൊരു പ്രധാന ഉദാഹരണമാണ് അനിയത്തിപ്രാവ് ചിത്രത്തിലെ ശങ്കരാടിയുടെ കേണൽ കഥാപാത്രം.
അനിയത്തിപ്രാവ് സിനിമയിൽ ഇത്ര നാളും വളരെ അധികം തമാശയോടെ നാം കണ്ടു തീർത്തൊരു കഥാപാത്രമാണ് ശങ്കരാടിയുടേത്. ഭാര്യ മരിച്ചു ഇരുപത് വർഷങ്ങൾക്കിപ്പുറവും യാഥാർഥ്യത്തോട് ചേർന്ന് മനസ്സിനെ പാകപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഭാര്യയുടെ മരണത്തോടെ തനിക്ക് സമനില തെറ്റിയെന്ന കാര്യം അദ്ദേഹത്തിന് അറിയാം . വളരെ തമാശയോടെ കണ്ടിരുന്ന ആ സീനുകൾ പറയാതെ പറയുന്നതും ജയ ജയ ജയഹേയിൽ ബേസിൽ പറയുന്നതും ഒരേകാര്യം തന്നെയാണ്. ഒരു സ്ത്രീ കൂടെ ഇല്ലാതെ മുന്നോട്ട് ജീവിക്കാൻ പുരുഷൻമാർക്ക് ബുദ്ധിമുട്ടാണ്.അതൊരു സൈക്കോളജിക്കൽ ഫാക്ട് ആണ്. ചുറ്റുമുള്ളത് അതിനെ നമുക്ക് പ്രൂവ് ചെയ്തും തരുന്നുണ്ട്.
സ്ത്രീയ്ക്ക് മാത്രമല്ല പുരുഷനും പറയാനുണ്ട്.
– സബിത രാജ്-