Press Club Vartha

ജോഷിമഠ് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്ന് ഐഎസ്ആർഒയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ജോഷിമഠിൽ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന് മുന്നറിയിപ്പ്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഐഎസ്ആർഒയുടെ കണ്ടെത്തല്‍. ഭൂമി ഇടിഞ്ഞുതാഴുന്നതിന്‍റെ വേഗത വർധിക്കുന്നുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

5.4 സെന്‍റീമീറ്ററാണ് 2022 ഡിസംബര്‍ 27 നും ഈ വർഷം 2023 ജനുവരി 8നുമിടയില്‍ 12 ദിവസത്തിനിടെ താഴ്ന്നത്. എന്നാൽ 2022 ഏപ്രിലിനും നവംബറിനുമിടയില്‍ 7 മാസത്തിനിടെ 9 സെന്‍റിമീറ്ററാണ് താഴ്ന്നത്. പക്ഷെ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10 മാസങ്ങള്‍ക്കിടെ ആകെ 14.4 സെന്‍റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്‍ററിന്‍റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കാര്‍ട്ടോസാറ്റ് -2 എസ് സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ജോഷിമഠ് സിറ്റി ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സൈന്യത്തിന്‍റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പടെ ജോഷിമഠ്- ഓലി റോഡും ഇടിഞ്ഞു താഴും.

വീടുകളിലും റോഡുകളിലും രൂപപ്പെടുന്ന വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധന നടത്തുകയാണ്. വിശദമായ റിപ്പോർട്ട് ഉടനെ സമർപ്പിക്കും.

Share This Post
Exit mobile version