കുസാറ്റിലെ ആർത്തവ അവധി ചർച്ചയാവുകയാണ്. കാലം മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ മനുഷ്യരും എങ്ങനെ മാറാതിരിക്കാൻ അല്ലെ ? നിലവിൽ ആർത്തവ അവധിയുള്ള രാജ്യങ്ങളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. ജപ്പാൻ, സൗത്ത് കൊറിയ, തായ്വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി സ്ഥലത്തും മറ്റും സ്ത്രീകൾക്ക് ആർത്തവ അവധി നൽകി വരുന്നുണ്ട്.
ഇങ്ങു കൊച്ചു കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ അതിനെ അംഗീകരിച്ചും അല്ലാതെയും ഒരുപാടു അഭിപ്രായങ്ങൾ കണ്ടു. ശരിക്കും അതിൽ എന്താണ് ഉൾകൊള്ളാൻ ഇത്ര ബുദ്ധിമുട്ടെന്ന് മനസിലാവുന്നില്ല. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശത്രുവെന്നു പറഞ്ഞു വെക്കുന്നതിനെ അടിവരയിട്ടുറപ്പിക്കും വിധം ചില സ്ത്രീകളും ഇക്കാര്യത്തിനെ അങ്ങേയറ്റം പുച്ഛത്തോടെ കണ്ടതിൽ അത്ഭുതം തോന്നി.
പണ്ട് ചാരമാണ് ആര്‍ത്തവ ദിനങ്ങളിൽ സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. അവിടെ നിന്നും തുടങ്ങി പഞ്ഞി, പഴംതുണി, പാഡ്, ടാപൂൺസ് തുടങ്ങി ഇന്ന് നാം എത്തി നില്കുന്നത് മെൻസ്ട്രുവൽ കപ്പിലും മറ്റുമാണ്. മാറ്റങ്ങൾ അനിവാര്യമാണ്. അതിനെ സ്വീകരിക്കുക എന്നത് അവനവന്റെ ഇഷ്ടങ്ങളിൽ പെടും സമ്മതിക്കുന്നു. എന്നുകരുതി മറ്റൊരാളുടെ സ്വതന്ത്ര്യത്തെ വേണ്ടാന്ന് വെക്കാൻ നമുക്കെന്നല്ല ആര്‍ക്കുമാവില്ല.
അത് ഉൾകൊള്ളാൻ മനസുകാണിക്കാത്ത മനുഷ്യർ എന്ത് ചിന്തകളെ ആണ് മുന്നോട്ടു വെക്കുന്നതെന്നു മനസിലാവുന്നില്ല. വിദ്യാർത്ഥികളിൽ ഉണ്ടാവുന്ന അറ്റന്റൻസ് ഷോർട്ടേജ് കൊണ്ടാണ് അത്തരമൊരു തീരുമാനത്തിലേക്കും ചർച്ചകളിലേക്കും അതിനെ കൊണ്ടെത്തിച്ചത്. മാറി ചിന്തിക്കട്ടെന്നേ…
നമ്മടെ പെണ്മക്കൾ ആ സമയത്ത് കുറച്ച് വിശ്രമിക്കട്ടെ. അതിൽ ആർക്കാണ് നഷ്ടം പണ്ടത്തെ പെണ്ണുങ്ങൾക്ക് ഇതൊന്നും ഇല്ലല്ലോ എന്നൊക്കെ പറഞ്ഞു മുറവിളി കൂട്ടുമ്പോൾ മാറിവന്ന ജീവിത രീതികളെ കൂടി നിങ്ങൾ മനസിലാക്കുക. ജനിച്ചത് എഴുപതുകളിൽ ആയതുകൊണ്ടു ഇവിടെ ആരും അന്നത്തെ സൗകര്യങ്ങളെ മാത്രം ഉപയോഗിച്ച് ജീവിക്കുന്നില്ല. അവർ നിലവിലെ എല്ലാ സാഹചര്യങ്ങളും ഉൾക്കൊള്ളുന്നുണ്ട്. അതുപോലൊരു മാറ്റം തന്നെയല്ലേ ഇതും ?
കവി വാക്യങ്ങളിൽ അവൾ പൂക്കുന്ന ദിനങ്ങളെന്നു എഴുതി പിടിപ്പിക്കുമ്പോൾ കൈയടിക്കുന്ന മനുഷ്യർ ഇതൊക്കെ തന്നെ ആണ് കയ്യടി അർഹിക്കുന്ന മാറ്റങ്ങളെന്നു ചിന്തിച്ചാൽ നന്ന്.
– സബിത രാജ്-