കഴക്കൂട്ടം: ലഹരിപദാർത്ഥമായ എം.ഡി.എം.എയുമായി പിടിയിലായ യുവാവിന്റെ മാതാവ് ജീനൊടുക്കി. കഠിനംകുളം ശാന്തിപുരം ഷൈനി ഹൗസിൽ പരേതനായ ക്ളമന്റ് ജൂലിയാന്റെ ഭാര്യ ഗ്രൈയ്സി ക്ലമന്റ് (54) ആണ് ഇന്ന് പുലർച്ചെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
മരിച്ച ഗ്രെയ്സിയും അമ്മ മാർഗരറ്റുമായി ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. വെളുപ്പിന് മൂന്ന് മണിയോടെ മാർഗരറ്റ് ഉണരുമ്പോഴാണ് സംഭവമറിയുന്നത്. ഉടൻ തന്നെ മാർഗരറ്റ് കയർ അറുത്ത് താഴെയിട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും കഠിനംകുളം പൊലീസും ചേർന്ന് ഗ്രൈയ്സിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
21കാരനായ ഗ്രേസിയുടെ മകൻ ഷൈനോയെ കഠിനംകുളത്ത് നിന്നും ലഹരിമരുന്നുമായി വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ കഴക്കൂട്ടം എക്സൈസ് പിടികൂടി. ഈ വിവരം അറിഞ്ഞത് മുതൽ മരിച്ച മാതാവ് മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതു രണ്ടാം തവണയാണ് ഷൈനോ മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നത്. ബിരുദ വിദ്യാർത്ഥിയായ മകന്റെ വഴിവിട്ട ജീവിതം ഈ കുടുംബത്തെ ഏറെ വിഷമത്തിലാക്കിയിരുന്നു.
മയക്കുമരുന്നു കേസിൽ ഭർത്താവ് ക്ലമന്റ് ജൂലിയാൻ 10 വർഷം മുമ്പ് മരണപ്പെട്ടു. ഇതിന് ശേഷം ഏറെ കഷ്ടപ്പെട്ട് പുറത്ത് ജോലിക്കൊക്കെ പോയാണ് രണ്ട് പെൺമക്കളേയും മകൻ ഷൈനോയേയും പഠിപ്പിച്ചത്. മകനെ നേർവഴിയിലേക്ക് കൊണ്ട് പോകാൻ ഗ്രേസി നിരന്തരം ശ്രമിച്ചിരുന്നുവെന്നും എന്നിട്ടും മകൻ വീണ്ടും മയക്കുമരുന്നുമായി പിടിയിലായതോടെയാണ് ഗ്രൈയ്സി ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
മക്കളേ പഠിപ്പിച്ച വകയിലും രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയിച്ചതിലും ഗ്രൈയ്സിക്ക് ചില സാമ്പത്തിക ബാദ്ധ്യതകളുണ്ടെന്നാണ് വിവരം. മുത്ത മകൾ ഷൈനി ഭർത്താവിനൊപ്പം ലണ്ടനിലാണ്. ഇളയ മകൾ ജിനി ശാന്തിപുരത്ത് തന്നെയാണ് താമസം.