Press Club Vartha

എന്റെ ശരീരം എന്റെ ഇഷ്ടം

-സബിത രാജ്-

 

“എന്റെ ശരീരം എന്റെ ഇഷ്ടം.” മലയാളികളുടെ പുരോഗമനം ഈ ടാഗ് ലൈനിൽ മാത്രം ഒതുങ്ങുന്നതല്ല. ജൻഡർ ഇക്വാളിറ്റിയും നിലപാടുകളെ കുറിച്ചും ബോധവാന്മാരാണ് ഇന്നത്തെ തലമുറയെന്ന് നമ്മുക്ക് തോന്നിയേക്കാം. പക്ഷെ അങ്ങനെ ഉറപ്പിക്കാൻ വരട്ടെ, ഇന്നലെ ഒരു ലോകോളേജിൽ നടന്ന സംഭവത്തെ പറ്റി ആദ്യം തന്നെ ഓർമ്മിപ്പിക്കട്ടെ. പുരോഗമനം പറയാന്‍ മാത്രം വാ തുറക്കുന്ന മലയാളി സമൂഹത്തിന്റെ നാണംകെടുത്തിയ മറ്റൊരു സംഭവം. പൊതുവേദിയിൽ ഒരു ആർട്ടിസ്റ്റിനോട് ഒരു യുവാവ് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. പൊതുയിടത്തില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം ആ ചെറുപ്പക്കാരൻ ഭയമേതുമില്ലാതെ പെരുമാറിയത്‌ അങ്ങേയറ്റം മോശം പ്രവർത്തിയാണ്.

അതിന്റെ തുടർച്ചയെന്ന നിലയിൽ അയാൾ ചെയ്തതിനെ ന്യായീകരിച്ചുകൊണ്ട് പറയുന്നുണ്ട് “ഫാൻ ആയത് കൊണ്ട് ആണ്” എന്ന്. അങ്ങേയറ്റം മോശമായ പ്രവർത്തിയെ ന്യായീകരിക്കുന്ന അത്തരം നിലപാടിനോട് കഷ്ടവും പുച്ഛവും തോന്നി. ഒരു സിനിമ ആർട്ടിസ്റ് ആയതുകൊണ്ട്, ഒരു സ്ത്രീ ആയതുകൊണ്ട് , നിങ്ങൾക്ക് ആരാധന തോന്നുന്നത് സ്വാഭാവികം, പക്ഷെ അത് അവരുടെ സ്വകാര്യതയിലേക്ക് കടന്നാക്രമണം നടത്താൻ ഉള്ള താക്കോല്‍ അല്ലെന്ന് ഓർമ്മിപ്പിക്കട്ടെ.

ഒരു സ്ത്രീയുടെ ദേഹത്ത് അവളുടെ അനുവാദമില്ലാതെ തൊടാൻ അയാൾക്ക് എന്ത് അവകാശമാണ് ഉണ്ടായിരുന്നത് എന്ന് മനസിലാവുന്നില്ല. പൊതുയിടത്തിൽ വെച്ച് അത്തരം ഒരു അനുഭവം തീർച്ചയായും അവരെ മുറിപ്പെടുത്തിയിട്ടുണ്ടാവും. കാണികളും വേദിയിലുണ്ടായിരുന്നവരും ഒരുപോലെ നിശബ്ദരായി തുടർന്നു.ആകെ ഒരാള്‍ മാത്രമേ അത് തടയുന്നതായി വിഡിയോയിൽ കണ്ടുള്ളു. അത്രയേ ഉള്ളു അവിടെ ഉണ്ടായിരുന്ന ആളുകളുടെ സാമൂഹ്യപ്രതിബദ്ധത.

വെറുതെ ചിരിച്ചു തള്ളാവുന്ന ഒരു തമാശയായി അത് കണ്ടിട്ട് തോന്നിയില്ല.
നാഷണൽ അവാർഡ് വരെ വാങ്ങിയ ഒരു സ്ത്രീയെ പൊതുവേദിയിൽ അപമാനിച്ചപ്പോൾ ഇല്ലാണ്ടായത് മലയാളികൾ കെട്ടിപ്പടുത്തു വെച്ചിരിക്കുന്ന സ്ത്രീ സുരക്ഷാ എന്ന മിഥ്യ ബോധത്തെ തന്നെ ആണ്. ഇതിൽ നിന്നും മറ്റൊന്ന് കൂടി മനസിലാക്കാം സാധാരണ സ്ത്രീകൾക്ക് എന്ത് സുരക്ഷയുണ്ട്?

ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശരീരത്തിൽ കൈവെക്കാൻ ആർക്കാണ് അവകാശം? അതിനു ജൻഡർ പ്രശ്നം അല്ല. സ്ത്രീ ആയാലും പുരുഷനായാലും മറ്റൊരാളുടെ അനുവാദമില്ലാതെ അയാളെ തൊടാൻ പാടില്ല എന്ന ബേസിക് വിവരം പോലും ഇല്ലാത്ത മനുഷ്യരോട് എന്ത് പറയാൻ? അതുപോലുമില്ലാത്ത ഒരു തലമുറയെ നാം ഭയക്കണം.

സിനിമ നടീനടന്മാർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്തരത്തിലെ കടന്നുകയറ്റങ്ങളെന്നു തോന്നുന്നു. അവർ അനുഭവിക്കുന്ന സൈബർ ബുള്ളിയിങ്ങും ഇത്തരം കടന്നാക്രമണങ്ങളും എത്രത്തോളം അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നമുക്ക് മനസിലാവും. പൊതുയിടങ്ങളിൽ പോലും അവർക്ക് സുരക്ഷയില്ലെന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സിനിമ പ്രമോഷന്റെ ഭാഗമായി പ്രമുഖ മാളിൽ എത്തിയ സ്ത്രീകൾക്ക് നേരെ ഉള്ള കടന്നു കയറ്റം. അന്നും അതൊരു വാർത്തയായി ചുരുങ്ങി. ഇന്നും…നാളെയും അവർത്തിക്കപെടും. അല്ലാതെ ഒന്നിനും മാറ്റമുണ്ടാകില്ല.

Share This Post
Exit mobile version