Press Club Vartha

സാമ്പത്തിക മാന്ദ്യത്തിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക തകർച്ചക്ക് ആക്കം കൂട്ടി പാക് കറൻസിയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. ‘ദക്ഷിണേഷ്യയിലെ ഏറ്റവും ദയനീയ സമ്പദ്‌വ്യവസ്ഥ’യെന്നാണ് ലോകബാങ്ക് പാക്കിസ്ഥാനെ വിശേഷിപ്പിക്കുന്നത്.രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്സചേഞ്ച് റേറ്റിൽ അയവു വരുത്തിയിരുന്നു. ഇതാണ് മൂല്യം കുത്തനെ ഇടിയാൻ കാരണമെന്ന് റിപ്പോർട്ട്. 24 രൂപയാണ് ഒറ്റദിവസം ഇടിഞ്ഞത്.

അതോടെ ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർധിച്ചു. ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് ചിലയിടങ്ങളിൽ വർധിച്ചത്. 2022 ൽ വിലക്കയറ്റം 25% വരെ വർധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ റിപ്പോർട്ട്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി. ചില പച്ചക്കറികൾക്ക് 500% വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 6 ന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കിൽ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61% ആണ് വർധിച്ചത്.

മാത്രമല്ല വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച പാക്കിസ്ഥാനിൽ മിക്കയിടത്തും വൈദ്യുതി മുടങ്ങി. ദുരിതത്തിലായത് 22 കോടിയിലേറെപ്പേരാണ്. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. അതിനിടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കൂടാതെ സർക്കാർ ജീവനക്കാരുടെ ശമ്പളം 10% വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും എണ്ണമടക്കം കുറച്ച്, മന്ത്രാലയങ്ങളുടെ ചെലവുകൾ‍ 15% വെട്ടിക്കുറയ്ക്കണമെന്നും നാഷനൽ ഓസ്റ്ററിറ്റി കമ്മിറ്റി (എൻഎസി) നൽകിയ ശുപാർശകളിൽ പറയുന്നു.

Share This Post
Exit mobile version