ന്യൂഡൽഹി: ‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം. പ്രണയ ദിനത്തിനു പകരം ‘പശു ആലിംഗന ദിന’മായി ആചരിക്കാനാണ് കേന്ദ്രം നിർദേശിക്കുന്നത്. ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത് കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു.
‘‘പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാം’’ – സർക്കുലറിൽ പറയുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സർക്കുലർ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.