മുംബൈ: ബിബിസി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. രാത്രി വൈകിയും പരിശോധന നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. മുംബൈയിലേയും ഡൽഹിയിലേയും ബിബിസി ഓഫീസുകളിലാണ് റെയ്ഡ് തുടരുന്നത്. ചില ജീവനക്കാരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുള്ളതായി ബിബിസി അറിയിച്ചു. പരിശോധനയോട് സഹകരിക്കുമെന്നും പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി.
2012 മുതലുള്ള അന്താരാഷ്ട്ര നികുതി അടക്കമുള്ളവയിലെ ക്രമക്കേടുകളും ബിബിസിയുടെ ഉപ കമ്പനികളിലെ ട്രാൻഫർ വിലനിർണ്ണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെയുള്ളവയാണ് പരിശോധിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്നലെ 11.30 ഓടെയാണ് ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന ആരംഭിച്ചിച്ചത്. ബിബിസി ജീവനക്കാരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായാണ് വിവരം.