Press Club Vartha

ഫ്രൈഡേ സ്‌ക്രീനിംഗ്: കാര്‍ലോസ് സൗറയ്ക്ക് ആദരവായി ‘ദ സെവന്‍ത് ഡേ’ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ സ്‌ക്രീനിംഗിന്റെ ഭാഗമായി ഫെബ്രുവരി 17 വെള്ളിയാഴ്ച ‘ദ സെവന്‍ത് ഡേ’ എന്ന സ്പാനിഷ് ചിത്രം പ്രദര്‍ശിപ്പിക്കും. തൈക്കാട് ഭാരത് ഭവനില്‍ വൈകിട്ട് ആറു മണിക്കാണ് പ്രദര്‍ശനം. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് അന്തരിച്ച വിഖ്യാത സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് 2004 ലെ മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്. 2013ല്‍ നടന്ന ഐ.എഫ്.എഫ്.കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കാര്‍ലോസ് സൗറയെ ആദരിച്ചിരുന്നു.

സ്‌പെയിനിലെ ബാദാജോസ് പ്രവിശ്യയില്‍ 1990 ആഗസ്റ്റ് 26ന് നടന്ന കൂട്ടക്കൊലയുടെ പിന്നിലെ സാമൂഹിക കാരണങ്ങള്‍ അന്വേഷിക്കുകയാണ് ‘ദ സെവന്‍ത് ഡേ’. പ്രണയത്തില്‍ തുടങ്ങി കൊലയില്‍ കലാശിക്കുന്ന രണ്ടു കുടുംബങ്ങളുടെ മൂന്നു പതിറ്റാണ്ടു നീണ്ട കുടിപ്പകയുടെ കഥ പറയുന്ന ഈ ചിത്രം സാമൂഹികവും മാനസികവുമായ ഒറ്റപ്പെടല്‍ മനുഷ്യരെ നിഷ്ഠുരമായ ഹിംസയിലേക്ക് നയിക്കുന്നതിന്റെ അതിസൂക്ഷ്മമായ ചിത്രീകരണമാണ്.102 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

നീലന്‍ എഴുതി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ‘കാര്‍ലോസ് സൗറ: കാലവും കലയും’ എന്ന പുസ്തകം 50 ശതമാനം ഡിസ്‌കൗണ്ടില്‍ പ്രദര്‍ശനവേദിയില്‍ ലഭ്യമായിരിക്കും.

Share This Post
Exit mobile version