Press Club Vartha

ഗർഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി ഡൽഹി എയിംസ്

ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ ഒരു പൊൻ തൂവൽ കൂടി നേടി ഡൽഹി എയിംസ് ആശുപത്രി. ഡൽഹി എയിംസിൽ ഗർഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി. ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിലാണ് പൂർത്തിയാക്കിയത്. അമ്മയുടെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിന്‍റെ ഹൃദയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

മൂന്നു തവണ ഗർഭം അലസി പോയ 28 കാരിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയക്കു പിന്നാലെ കുട്ടി സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി വിദ​ഗ്ധർ, കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

നേരത്തെ മൂന്ന് തവണ യുവതിയുടെ ​ഗർഭമലസിയിരുന്നു. നാലാമതും ​ഗർഭം ധരിച്ചപ്പോൾ കുഞ്ഞിന് ഹൃദയ പ്രശ്നമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി. എന്നാൽ ശസ്ത്രക്രിയ എന്ന വെല്ലുവിളി നിറഞ്ഞ ഡോക്ടർമാരുടെ നിർദേശത്തെ ദമ്പതികൾ അനുകൂലിച്ചു. തുടർന്ന് ​ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

അൾട്രാസൗണ്ടിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. യുവതിയുടെ വയറിലൂടെ ​ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിൽ സൂചിയെത്തിച്ച് ബലൂൺ ഡൈലേഷൻ രീതിയിൽ വാൽവിലെ തടസ്സം നീക്കുകയായിരുന്നുവെന്ന് സംഘത്തിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ഏകദേശം ഒന്നര മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. പിഴവ് പറ്റിയാല്‍ കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാക്കുന്നതായിരുന്നുവെന്നും കാര്‍ഡിയോതെറാസിസ് സയന്‍സസ് സെന്ററിലെ ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയം വാൽവ് വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നായും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

 

Share This Post
Exit mobile version