Press Club Vartha

രാഹുലിനെതിരായ വിധിയില്‍ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും; കെ സി വേണുഗോപാല്‍

ഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമ പോരാട്ടത്തിനായി അ‍ഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, എന്നും പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു.

അഭിമന്യുവിനെ പദ്മവ്യൂഹത്തിൽപ്പെടുത്തിയത് പോലെ രാഹുലിനെ കേസുകളിൽ കുടുക്കിയിരിക്കുകയാണ്. എല്ലാ വെല്ലുവിളികളെയും നേരിടും. വിധിക്കെതിരെ അപ്പീൽ നൽകാനായി പ്രത്യേക നിയമസംഘത്തെ രൂപീകരിക്കും. മനു അഭിഷേക് സിംഗ് വി, പി.ചിദംബരം, സൽമാൻ ഖുർഷിദ്, വിവേക് തൻഖ, രാഹുലിൻ്റെ അഭിഭാഷകൻ ആർ എസ് ചീമ എന്നിവരാണ് വിദഗ്ധ സമിതിയിലുണ്ടാവുകയെന്നും കെ സി വേണുഗോപാൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എതിര്‍ ശബ്ദത്തെ മുഴുവന്‍ കേന്ദ്രം നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ്. കറുത്ത അധ്യായത്തിലേക്ക് ജനാധിപത്യത്തെ കൊണ്ടുപോകുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

ബിജെപിക്ക് ഭാരത് ജോഡോ യാത്ര വെല്ലുവിളിയായി. അതോടെയാണ് രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയത്. പാർലമെൻറിലെ രാഹുലിൻ്റെ ഏത് വാക്കാണ് മോശമായതെന്നും ചോദിച്ചു. രാഹുലിൻ്റെ ശബ്ദമുയർത്താൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Post
Exit mobile version