Press Club Vartha

ഓള്‍ ഇന്‍ വണ്‍ പേയ്മെന്റ് ഡിവൈസ് അവതരിപ്പിച്ച് ഏസ്മണി

കൊച്ചി: പ്രമുഖ ഫിന്‍ടെക് കമ്പനിയായ ‘ഏസ്മണി’ ഓള്‍ ഇന്‍ വണ്‍ പേയ്മെന്റ് ഡിവൈസ് അവതരിപ്പിച്ചു. മൈക്രോ എടിഎം, ആധാര്‍ എടിഎം, പിഒഎസ് മെഷീന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓള്‍ ഇന്‍ വണ്‍ പേയ്മെന്റ് ഡിവൈസ്. ഒരു പിഒഎസ് ഉപകരണം എന്നതിലുപരിയായി വ്യാപാരികള്‍ക്ക് മറ്റ് അനേകം സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഓള്‍ ഇന്‍ വണ്‍ ഡിവൈസ് സഹായിക്കുന്നു.

കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ പണമിടപാടിന് സഹായിക്കുന്ന ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണം എടുക്കാന്‍ സാധിക്കും. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ പരിഗണിച്ച് വലിയ ടച്ച് സക്രിന്‍ ഡിസ്‌പ്ലേയും തെര്‍മല്‍ പ്രിന്റിങ് സൗകര്യവും ഡിവൈസില്‍ ഒരുക്കിയിട്ടുണ്ട്. ഏത് ബാങ്കിന്റെയും കാര്‍ഡുകള്‍ പണമിടപാടുകള്‍ക്കായി ഡിവൈസില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഏസ്മണി എംഡി നിമിഷ ജെ വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡുമായി വ്യാപാരികളെ സമീപിക്കാം. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും ഇതേ രീതിയില്‍ സാധിക്കും. കൂടാതെ എല്ലാവിധ റീചാര്‍ജ്, ബില്‍ അടവ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും സഹായകമാകുന്ന ബിബിപിഎസ് സൗകര്യവും ഇതോടൊപ്പം ഏസ് മണി നല്‍കുന്നു. ഇതിലൂടെ വ്യാപാരികള്‍ക്ക് പുതിയ ബിസിനസ് സാധ്യതകളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളും ഉറപ്പാക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുന്ന ഓഫ്‌ലൈന്‍ യു.പി.ഐ. എ.ടി.എം. കാര്‍ഡും മോതിരമായും കീചെയിനായും ഉപയോഗിക്കാനാവുന്ന വെയറബിള്‍ എ.ടി.എം കാര്‍ഡുകളും കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. എടിഎം വീട്ടുപടിക്കല്‍ എത്തിക്കുന്ന സംവിധാനവും ഏസ്മണി നേരത്തെ അവതരിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ഏസ്മണി എജിഎം ബ്രാന്‍ഡിങ് ശ്രീനാഥ് തുളസീധരന്‍, പ്രോഡക്ട് മാനേജര്‍ ജിതിന്‍ എബ്രഹാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Post
Exit mobile version