ഷാർജ : രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ഷാർജ പോലീസ് മൂന്നുമാസത്തെ ബോധവത്കരണ പ്രചാരണം ആരംഭിച്ചു. ‘റിന്യൂ യുവർ വെഹിക്കിൾ’ എന്ന പേരിൽ സെപ്റ്റംബർ 15 വരെയാണ് പ്രചാരണം. കടുത്ത വേനലിൽ വാഹനമോടിക്കുന്നവരുടെ സുരക്ഷ മുൻനിർത്തി അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിലായാണ് ബോധവത്കരണ പരിപാടികൾ. മൂന്ന് മാസത്തിനകം വാഹന രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളും കൂടാതെ ഇൻഷുറൻസ്, രജിസ്ട്രേഷൻ, വാഹനപരിശോധന എന്നിവയെല്ലാം ഉൾപ്പെടുന്ന പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.
കടുത്തവേനലിൽ ടയർ, ബ്രേക്ക്, ലൈറ്റുകൾ എന്നിവയ്ക്ക് തകരാറില്ലെന്ന് ഉറപ്പാക്കണമെന്ന് ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് ഡ്രഗ്സ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഒമർ ബുഗാനിം ഓർമ്മിപ്പിച്ചു. യു.എ.ഇ. ഗതാഗത നിയമമനുസരിച്ച് രജിസ്ട്രേഷൻ കാലാവധികഴിഞ്ഞ വാഹനമോടിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ഏഴുദിവസം വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. ഷാർജയിലും മധ്യ, കിഴക്കൻ മേഖലയിലുമായി
18 വാഹനപരിശോധനാ കേന്ദ്രങ്ങളുണ്ട്. ഈ വർഷം ഇതുവരെ 2,63,804 വാഹനങ്ങൾ പരിശോധിക്കുകയും 3,76,033 വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.