Press Club Vartha

ടൈറ്റൻ അന്തർവാഹിനി തകർന്നു

ന്യൂയോർക്: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകമായ ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

യാത്രക്കാരെ നഷ്ടമായെന്ന് ദുഃഖത്തോടെ അറിയിക്കുന്നതായി ഓഷ്യൻ​ഗേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. ടൈറ്റാനിക്കിന്റെ അടുത്തുനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊട്ടിത്തെറിയാണ് പേടകത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് സൂചന. കടലിന്നടിയിലെ മര്‍ദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരുടെയും കുടുംബാംഗങ്ങളെ ഔദ്യോഗികമായി ഈ വിവരം അറിയിക്കുകയും ചെയ്തുകഴിഞ്ഞു. പാകിസ്ഥാനി വ്യവസായി ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ,ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കി.

വ്യാഴാഴ്ചയോടെ തന്നെ അന്തര്‍വാഹിനിക്കുള്ളിലെ ഓക്‌സിജന്‍ തീര്‍ന്നിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, അതിനു മുന്‍പു തന്നെ പൊട്ടിത്തെറി സംഭവിച്ചിരിക്കാനുള്ള സാധ്യതയും ഇപ്പോള്‍ തള്ളിക്കളയാനാവില്ല. ഇതിനിടെ, അന്തര്‍വാഹിനിയുടെ നിര്‍മാണ ഘട്ടത്തില്‍ തന്നെ വിദഗ്ധര്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തി‍ലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം. ഏകദേശം രണ്ടര ലക്ഷം ഡോള‍ർ (രണ്ട് കോടി ഇന്ത്യൻ രൂപ) ആണ് ഈ യാത്രയുടെ നിരക്ക്.

Share This Post
Exit mobile version