Press Club Vartha

ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കും – മന്ത്രി ഡോ. ആർ ബിന്ദു

കഴക്കൂട്ടം: നവകേരള സൃഷ്ടിക്കായി ജനപക്ഷ വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിച്ച ഇ.എം.എസ് ഹാളിന്റെയും ഇതര പദ്ധതികളുടെ ഉദ്ഘാടനം കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലക്ക് വാർഷിക ബജറ്റിൽ ആയിരം കോടി രൂപ അനുവദിക്കുന്ന സംസ്ഥാനമാണ് കേരളം. അടിസ്ഥാന സൗകര്യവികസനവും അക്കാദമിക മേഖലയുടെ വിപുലീകരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേഗത്തിൽ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് രാജ്യത്തെ ആദ്യ പത്ത് സർവകലാശാലകളിൽ കേരള സർവകലാശാല എത്തുക എന്നതാണ് ലക്ഷ്യം. എ പ്ലസ് പ്ലസ് ഗ്രേഡും എൻ.ഡി.ആർ.എഫ് റാങ്കിങ്ങിലെ മുന്നേറ്റവും നടത്തിയ കേരള സർവകലാശാല മികച്ച മാതൃകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസടക്കമുള്ള പുത്തൻ മേഖലകളെയടക്കം ഉൾപ്പെടുത്തി ഗവേഷണ മേഖലയെ വിപുലീകരിക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ പുരോഗമന മുന്നേറ്റവും, സാമ്പത്തിക വളർച്ചയും സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റം സമൂഹിക പുരോഗതിക്ക് ഗതിവേഗം പകരുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. കേരള സർവകലാശാലയുടെ മാറ്റത്തിന്റെ മികച്ച ഉദാഹരണമാണ് കാര്യവട്ടം ക്യാമ്പസിലെ വിവിധ പദ്ധതികളുടെ വിജയകരമായ പൂർത്തീകരണമെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാല അനുവദിക്കുന്ന ഒരേക്കർ സ്ഥലത്ത് സുഗതകുമാരി സ്മാരകം നിർമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ഇ.എം.എസ് ഹാൾ, ട്രാൻസലേഷണൽ റിസർച്ച് ആന്റ് ഇന്നൊവേഷൻ സെന്റർ (TRIC-KU), ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ഇന്റർനാഷണൽ സെന്റർ ഫോർ സ്റ്റഡി ആന്റ് റിസർച്ച്, എ.ആർ രാജരാജവർമ്മ ട്രാൻസിലേഷൻ സ്റ്റഡിസെന്റർ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ഫിസിക്‌സ് പഠനവകുപ്പിന്റെ മൈക്രോവേവ് മെറ്റീരിയൽ ലബോറട്ടറി കെട്ടിട ഉദ്ഘാടനം, അയ്യപ്പണിക്കർ സ്മാരക ഫോറിൻ ലാംഗ്വേജസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നിവയും മന്ത്രി നിർവഹിച്ചു. പുതുതായി തുടങ്ങുന്ന സെന്റർ ഫോർ അക്കാദമിക് ആൻഡ് പ്രൊഫഷണൽ ട്രെയിനിങ് (C-APT) സെന്റർ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻ കുട്ടി നിർവഹിച്ചു. ഹരിതശോഭയിൽ സജ്ജീകരിച്ച സുഗതകുമാരി സ്മൃതിവനത്തിന്റെ ഉദ്ഘാടനവും ശ്രീനാരായണ സാഹിത്യത്തിന്റെ വിവരണാത്മക ഗ്രന്ഥ സൂചി പ്രകാശനവും സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. അധ്യാപകർക്കായി നിർമ്മിച്ച അപ്പാർട്ടുമെന്റുകളുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. എസ് നസീബ് ഉപഹാരസമർപ്പണം നടത്തി.

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വകലാശാല സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ എച്ച് ബാബുജാൻ സ്വാഗതമാശംസിച്ചു. ബി. പി. മുരളി, എ. അജികുമാർ, ബി. ബാലചന്ദ്രൻ, ജി. മുരളീധരൻ, ഡോ. കെ. ജി. ഗോപചന്ദ്രൻ, രഞ്ജു സുരേഷ്, ജയരാജ് ജെ, അരുൺകുമാർ ആർ, പി. രാജേന്ദ്രകുമാർ, ഡോ.കെ.ബി മനോജ്, പ്രൊഫ. കെ. ലളിത, ബിജുകുമാർ. ജി, സന്ദീപ് ലാൽ എസ്. ഡോ.പി.എം. രാധാമണി, നവീൻ പി.എം, തേജസ്വിനി എം. സി എന്നിവർ സംബന്ധിച്ചു. കേരളസർവകലാശാല രജിസ്ട്രാർ ഡോ. കെ. എസ്. അനിൽകുമാർ നന്ദി അറിയിച്ചു.

Share This Post
Exit mobile version