വഴിയിൽ വീണു കിട്ടിയ സ്വർണ്ണ മടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിലെത്തിച്ച് യുവാവ് മാതൃകയായി. ശനിയാഴ്ച രാത്രി പത്തുമണിയോടെ കഴക്കൂട്ടത്തായിരുന്നു സംഭവംബീമാപള്ളിയിലേയ്ക്ക് പോവുകയായിരുന്ന നിലമേൽ കൈതോട് കുന്നുംപുറത്തു വീട്ടിൽ നുസൈഫ(65) യുടെ 15 പവനോളം സ്വർണ്ണ മടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.കഴക്കൂട്ടം മിഷൻ ആശുപത്രിക്കു സമീപം വച്ച് ഇവർ സഞ്ചരിച്ച ഓട്ടോയിൽ നിന്നും ബാഗ് റോഡിലേയ്ക്ക് വീണു.ബീമാപള്ളിയിലെത്തിയപ്പോഴാണ് നുസൈഫയും കുടുംബവും സ്വർണ്ണ മടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്.
അടച്ചുറപ്പില്ലാത്ത വീടായതിനാലാണ് യാത്രയിൽ സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോയത്.റോഡിൽ കിടന്ന ബാഗ് കണ്ടത് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന മധുവാണ്ആരെങ്കിലും മാലിന്യം വലിച്ചെറിഞ്ഞതാണെന്ന് മധു കരുതിയെങ്കിലും സംശയം തോന്നിയതിനാൽ ബാഗ് റോഡിൽ നിന്നെടുത്തു പരിശോധിച്ചു.അപ്പോഴാണ് ബാഗിനുള്ളിലെ പേഴ്സിൽ സ്വർണ്ണാഭരണങ്ങൾ കണ്ടത്. മധു ഉടൻ തന്നെ തൊട്ടടുത്തുള്ള കഴക്കൂട്ടം പോലിസ് സ്റ്റേഷനിൽ ബാഗ് ഏൽപ്പിച്ചു.
ബാഗിനുള്ളിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് ഉടമയെ പോലീസ് തിരിച്ചറിഞ്ഞത്.തുടർന്ന് എസ് ഐ ശരത്ത് നുസൈഫയെ വിളിച്ചു വരുത്തി സ്വർണ്ണവും പണവും കൈമാറുകയായിരുന്നു.സ്വർണ്ണം തിരികെക്കിട്ടിയ സന്തോഷത്തിന് മധുവിന് പാരിതോഷികവും നൽകിയാണ് നുസൈഫയും കുടുംബവും മടങ്ങിയത്.കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ മധു അഞ്ചു വർഷമായി കഴക്കൂട്ടത്ത് താമസിച്ച് വെൽഡിംഗ് ജോലി ചെയ്തുവരികയാണ്.