ഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. ഇതോടെ രാഹുലിന് എംപി സ്ഥാനം തിരിച്ചു കിട്ടും. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അപകീർത്തി കേസിൽ രാഹുലിന് അയോഗ്യത പ്രഖ്യാപിച്ചു കൊണ്ടുള്ള വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിചാരക്കോടതിയിൽ അയോഗ്യതയ്ക്കെതിരേ സമർപ്പിച്ചിരിക്കുന്ന അപ്പീലിൽ വിധി വരും വരെയാണ് സ്റ്റേ.
രാഹുലിനായി മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ വാദിച്ചത്. ഇരു വിഭാഗങ്ങൾക്കും വാദിക്കാൻ പതിനഞ്ച് മിനിറ്റ് സമയമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.