Press Club Vartha

ലക്ഷാധിപതിയായി നാട്ടിലേക്ക് പറന്ന് ബിർഷു; സഹായമൊരുക്കി തമ്പാനൂർ പോലീസ്

ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ ലോട്ടറി അടിച്ച തുകയുമായി വിമാനത്തിൽ നാട്ടിൽ പറന്നിറങ്ങി. സിനിമയിലെ ഹീറോയെ പോലെ നാട്ടിൽ പറന്നിറങ്ങാൻ ബിർഷു റാബയെ സഹായിച്ചത് തമ്പാനൂർ പോലീസാണ്. കുറച്ച് ദിവസം മുൻപ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ബിർഷു റാബയ്ക്ക് ലഭിച്ചിരുന്നു. കോടിപതിയായതോടെ സുരക്ഷ തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിർഷു റാബ എത്തിയത് അന്ന് വാർത്തയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു.

ലൂലുമാളിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പൊലീസ് ഇടപെട്ട് അക്കൗണ്ട് എടുത്ത് നൽകി. കഴിഞ്ഞ ദിവസം ലോട്ടറി അടിച്ച തുകയിൽ നികുതി പണം കുറവ് ചെയ്തുള്ള 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. തുടർന്ന് പൊലീസ് ഇടപെട്ട് വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു. സുരക്ഷിതമായി നാട്ടിലെത്തിയെന്നും ബന്ധുക്കൾക്ക് ഒപ്പം സുഖമായി ഇരിക്കുന്നതായും ബിർഷു റാബ പൊലീസിനെ അറിയിച്ചു. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നാണ് ജൂൺ അവസാനം ടിക്കറ്റെടുത്തത്. സംസ്ഥാനസർക്കാരിനും പൊലീസിനും നന്ദി അറിയിച്ചുള്ള വിഡിയോയും തമ്പാനൂർ സിഐക്ക് ബിർഷു റാബ അയച്ചു കൊടുത്തു

Share This Post
Exit mobile version