Press Club Vartha

തന്റെ ആദ്യ നിർമ്മാണ ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെടുത്തി ആർ എസ് വിമൽ

തിരുവനന്തപുരം: എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക്‌ സുപരിചിതനായ സംവിധായകനാണ്‌ ആർ എസ്‌ വിമൽ. ഇപ്പോഴിത നിർമ്മാതാവിന്റെ കുപ്പായം അണിയുകയാണ് അദ്ദേഹം. ചിത്രത്തിന്റെ സംവിധായകനെ പരിചയപെടുത്തികൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഈ അടുത്ത് വൈറലായിരുന്നു. എന്ന് നിന്റെ മൊയ്തീൻ സിനിമ ചെയ്യുന്ന കാലത്ത് പരിചയപെട്ട ബിച്ചാൾ മുഹമ്മദാണ് ആർ എസ് വിമൽ നിർമിക്കുന്ന ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിന്റെ സംവിധായകൻ. ഏറെ രസകരമായ രീതിയിലാണ് കുറിപ്പ്.

1970–-75 കാലകഘട്ടത്തെ ട്യൂട്ടോറിയൽ കോളേജ്‌ ജീവിതത്തിന്റെ പശ്‌ചാത്തലത്തിലൊരുക്കുന്ന ‘ശശിയും ശകുന്തളയും’ ആണ്‌ ആർ എസ്‌ വിമൽ ആദ്യമായി നിർമിക്കുന്ന ചിത്രം. ബിച്ചാൽമുഹമ്മദിനെ കണ്ടെത്തിയത്‌ എങ്ങനെയെന്ന്‌ ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ പറയുകയാണ്‌ ആർ എസ്‌ വിമൽ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

സിനിമ എന്ന മാധ്യമത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എന്റെയരികിൽ പാചകകാരന്റെ വേഷത്തിൽ എത്തിയ ഒരു കോളേജ് അധ്യാപകനെ കുറിച്ചാണ് ഈ കുറിപ്പ്.
എന്റെ ആദ്യ സിനിമയായ എന്നു നിന്റെ മൊയ്തീന്റെ പ്രീ പ്രൊഡക്ഷൻ പണികളുമായി ഞാൻ കോഴിക്കോട് മുക്കത്തുള്ള കാലഘട്ടം.
എന്റെയൊപ്പം കുറച്ച് സഹായികളും ഉണ്ട് . ഹോട്ടൽ ആഹാരം ഒഴിവാക്കാൻ തീരുമാനിച്ച സമയത്ത് ഞങ്ങൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്ത് തരാൻ ഒരാൾ പെട്ടന്ന് അവതരിക്കുവായിരുന്നു. നമ്മൾ എന്തേലും ആഹാര സാധനം വേണമെന്ന് പറഞ്ഞാൽ ആ “പാചക ” വീരനെ കുറച്ച് സമയം ആർക്കും അവിടെയൊന്നും കാണാൻ കഴിയില്ല. പക്ഷെ പിന്നീട് അടുക്കള ഭാഗത്ത് പാചകത്തിന്റെ ശബ്ദങ്ങൾ കേൾക്കുന്നതും ഏറ്റവും രുചിയുള്ള ഭക്ഷണവുമായി അയാൾ പ്രത്യക്ഷപ്പെടുന്നതും പതിവായിരുന്നു.
ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ഒരോ ആവശ്യവും കേട്ട ശേഷം ഇയാൾ എങ്ങോട്ടാണ് മുങ്ങുന്നത് എന്നറിയാൻ എനിക്ക് കൗതുകമായി. ഈ പാചക ശിരോമണിയുടെ സ്ഥിരം മുങ്ങൽ നേരത്ത് ഒരു ദിവസം ഞാൻ പിന്തുടുർന്നു. അപ്പോഴാണ് എനിക്ക് സംഗതി പിടി കിട്ടയത്. മാറിയിരുന്ന് സ്വന്തം ഉമ്മയെ വിളിച്ച് ഓരോന്നും ഉണ്ടാക്കാനുള്ള റസിയിപ്പി കടലാസിൽ കുറിച്ച് എടുക്കുകയായിരുന്നു അയാൾ. ഉമ്മ ഫോണിലൂടെ നല്കുന്ന റസിയിപ്പി അല്പം പോലും തെറ്റിക്കാതെ കൃത്യമായി പാചകം ചെയ്ത് അത്യന്തം രുചിയോടെ ഞങ്ങൾക്ക് വിളമ്പിയിരുന്ന ആ പാചക കാരൻ യഥാർത്ഥ്യത്തിൽ ധാരാളം ശിക്ഷ്യ സമ്പത്തുള്ള , മലയാളം പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകനാണന്ന് പിന്നീട് നടന്ന “ചോദ്യം ചെയ്യലിൽ ” മനസ്സിലായി. തുടർന്ന് കക്ഷി ആ സിനിമയുടെ ഭാഗമായെന്നത് ചരിത്രം !
ആ കക്ഷി മറ്റാരും അല്ല . സാക്ഷാൽ ബിച്ചാൾ മുഹമ്മദ്
എന്ന് നിന്റെ മൊയ്തീന് ശേഷം ഞാനെഴുതിയ ഒരു കഥ സിനിമയാക്കിയിരിക്കുന്നു ബിച്ചാൾ .
ഈ വരുന്ന ആഗസ്റ്റ് 18 ന് തീയേറ്ററുകളിൽ എത്തുന്ന ശശിയും ശകുന്തളയും എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്ത് സ്വതന്ത്ര സംവിധായകനായി കടന്നു വരികയാണ് ബിച്ചാൾ മുഹമ്മദ് .
എത്രയും പ്രിയപ്പെട്ട ബിച്ചാൾ , എന്റെ എല്ലാവിധ ആശംസകളും നേരുന്നു. നിന്റെ സിനിമയോടുള്ള ഈ അടങ്ങാത്ത അഭിനിവേശം ഒരു ജനതയെ രഞ്ചിപ്പിക്കാനുള്ള അനുഗ്രഹം കൂടിയായി മാറാൻ ഞാൻ പ്രാർത്ഥിക്കുന്നു
Share This Post
Exit mobile version