Press Club Vartha

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപേ സ്ഥാനാര്ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തു വരും മുൻപേ തന്നെ ഛത്തിസ്ഗഢിലെയും മധ്യപ്രദേശിലെയു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തു വിട്ട് ബിജെപി. മധ്യപ്രദേശിലെ 39 സീറ്റുകളിലെയും ഛത്തീസ്ഗഢിലെ 21 സീറ്റുകളിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. പുറത്തു വിട്ട പട്ടികയിലെ സീറ്റുകളെെല്ലാം നിലവിൽ കോൺഗ്രസിന്‍റെ കൈവശമാണുള്ളത്. ദുർബലമായ സീറ്റുകളിലെ സ്ഥാനാർ‌ഥികളെ ആദ്യമേ പ്രഖ്യാപിച്ച് കോൺഗ്രസിന്‍റെ പ്രചാരണ തന്ത്രങ്ങൾക്ക് തടയിടാനാണ് ബിജെപിയുടെ നീക്കം. കർണാടക തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.

ആദ്യ ഘട്ട പട്ടികയിൽ രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി 5 സ്ത്രീകളാണ് ഇടം പിടിച്ചിരിക്കുന്നത്. നിലവിൽ ബിജെപിയുടെ ദുർഗ് എംപിയായ വിജയ് ബാഗേലും സ്ഥാനാർഥിപട്ടികയിലുണ്ട്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ മണ്ഡലമായ പട്ടാനിലായിരിക്കും ബാഗേൽ മത്സരിക്കുക. മധ്യപ്രദേശിലെ ഗോഹഡിൽ നിന്ന് ദേശീയ പട്ടികജാതി മോർച്ച മേധാവി ലാൽ സിങ് ആര്യ മത്സരിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുക. ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പുറകേ രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെ പ്രകടനം ലോക്സഭ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന് ബിജെപിക്ക് ധാരണയുണ്ട്. ഈ അഞ്ചു സംസ്ഥാനങ്ങളിൽ മധ്യപ്രദേശിൽ മാത്രമേ നിലവിൽ ബിജെപി സർക്കാർ അധികാരത്തിലുള്ളൂ.

Share This Post
Exit mobile version