Press Club Vartha

കനക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ:മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം_
ചലചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ വിശിഷ്ടാതിഥികളായി

ഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ ഉത്സവ മേളത്തിലാക്കിയ വര്‍ണാഭമായ ഓണക്കാഴ്ചകള്‍ക്ക് കൊടിയിറങ്ങി.ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഓണം വാരാഘോഷം ജനകീയമാക്കിയത് മലയാളിയുടെ ഐക്യമാണെന്നും വാരാഘോഷത്തിന്റെ പ്രധാനവേദിയായ കനകക്കുന്ന് കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മുഖമാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്,ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍,ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ചലച്ചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്,ആന്റണി വര്‍ഗീസ് എന്നിവര്‍ വിശിഷ്ടാതിഥികളായി.വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തില്‍ അതിഥികളായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മൂന്നുപേരും അഭിപ്രായപ്പെട്ടു.എം.എല്‍.എമാരായ ഡി.കെ മുരളി,ഐ. ബി സതീഷ്,ജി.സ്റ്റീഫന്‍,കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു,ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിവിധ വേദികളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരവും വേദിയില്‍ വിതരണം ചെയ്തു. സമാപനസമ്മേളനത്തിന് ശേഷം നിശാഗന്ധിയില്‍ പിന്നണി ഗായകന്‍ ഹരിശങ്കര്‍ നയിച്ച മ്യൂസിക്കല്‍ നൈറ്റോടെ ഇത്തവണത്തെ കലാപരിപാടികള്‍ക്കും തിരശീല വീണു. കനകക്കുന്ന് പ്രവേശനകവാടത്തില്‍ വനിതാ ശിങ്കാരിമേളവും സൂര്യകാന്തി ഗ്രൗണ്ടില്‍ അമ്മ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നിശാഗന്ധിയില്‍ പ്രിയ അക്കോട്ടിന്റെ ഭരതനാട്യവും അരങ്ങേറി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോബ് കുര്യന്‍ ബാന്‍ഡും പൂജപ്പുര ഗ്രൗണ്ടില്‍ രാഗവല്ലീസ് ബാന്‍ഡും അവതരിപ്പിച്ച സംഗീതപരിപാടിയും ശ്രദ്ധേയമായി.

Share This Post
Exit mobile version