Press Club Vartha

ആ കൗണ്ട് ഡൗൺ ശബ്ദം നിലച്ചു

ചെന്നൈ: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്.

ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യം ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നല്കി ആദരിച്ചത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളര്‍മതി. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.

Share This Post
Exit mobile version