ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ എൻ. ചന്ദ്രബാബു നായിഡുവിനു ജാമ്യമില്ല. 371 കോടി രൂപയുടെ അഴിമതിക്കേസിലാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. വിജയവാഡയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ചന്ദ്രബാബു നായിഡുവിനുള്ള ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതേതുടർന്ന് നാളെ ആന്ധ്രയിൽ ബന്ദിന് ആഹ്വാനം ചെയ്ത് ടിഡിപി.
വിജയവാഡ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി നായിഡുവിനെ 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നായിഡുവിനെ രാജമുന്ദ്രി സെൻട്രൽ ജയിലിലേക്ക് അയയ്ക്കാൻ എസിബി ജഡ്ജി ഹിമബിന്ദു ഉത്തരവിട്ടു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നു തെലുങ്കുദേശം പാർട്ടി അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് നായിഡുവിനെ ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്.