കോഴിക്കോട്: നിപ ചികിത്സയ്ക്കായുള്ള മരുന്നുകൾ ബുധനാഴ്ച വൈകിട്ട് കോഴിക്കോട് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. വിമാനമാർഗമാവും മരുന്നുകൾ എത്തുക. നിപ രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിൽ നിപ പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. എന്നാൽ ഐസിഎംആർ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂന്നെയിൽ നിന്നാണ്. കേരളത്തിൽ കണ്ടുവരുന്നത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് ആണെന്നും ഇതിന് മരണനിരക്ക് കൂടുതലും വ്യാപന ശേഷി കുറവാണെന്നും മന്ത്രി പറഞ്ഞു.
റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെയെല്ലാം ഐസൊലേറ്റ് ചെയ്യും. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും.അതേസമയം, സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ തേടിയെത്തിയ ഡെന്‍റൽ കോളെജ് വിദ്യാർത്ഥിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ശരീരസ്രവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍റസ്റ്റിറ്റൂട്ടിലേക്ക് അയച്ചു.