Press Club Vartha

കോഴിക്കോട് നിപ ബാധിതരുടെ എണ്ണം അഞ്ചായി; സമ്പർക്ക പട്ടികയിൽ നിലവിൽ 950 പേർ

തിരുവനന്തപുരം: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രയിൽ നീരീക്ഷണത്തിലിരുന്ന 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫിസ്‌ അറിയിച്ചു. ഇതോടെ നിപ ബാധിതരുടെ എണ്ണം അഞ്ചായി.

നിലവിൽ നാലു പേരാണ് ചികിത്സയിലുള്ളത്. ഒരാളുടെ മരണമാണ് നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം മരിച്ചയാളുടെ പരിശോധന നടത്താത്തതിനാൽ അക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണമില്ല.

നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 950 പേരാണ് ഉള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്‍റെ സമ്പർക്കത്തിലുള്ളവരെയാണ് പുതുതായി പട്ടികയിൽ ചേർത്തത്. പട്ടികയിലെ 281 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതിൽ 213 പേർ ഹൈറിസ്ക് പട്ടികയിലാണ്.

Share This Post
Exit mobile version