ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്യാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. രണ്ടിനെതിരേ 454 വോട്ടുകൾക്കാണു ഭരണതലപ്പത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിലേക്കുള്ള ചുവടുവയ്പ്പായി മാറുന്ന ബിൽ പാസായത്. ബിൽ ഇന്നു രാജ്യസഭ പരിഗണിക്കും.
8 മണിക്കൂർ നീണ്ട വിശദമായ ചർച്ചയ്ക്കുശേഷമായിരുന്നു 128ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പ്. രാത്രി എട്ടരയോടെ അംഗങ്ങൾക്കു സ്ലിപ്പ് നൽകി നടത്തിയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു.
ബിൽ ഏകകണ്ഠമായി പാസാക്കാൻ അഭ്യർഥിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമത്തിൽ കുറവുകളുണ്ടെങ്കിൽ പിന്നീടു പരിഹരിക്കാമെന്നു വിശദീകരിച്ചു. ഒബിസി പ്രത്യേക ക്വോട്ട ആവശ്യപ്പെട്ട രാഹുലിനെതിരേ അദ്ദേഹം രൂക്ഷ വിമർശനവും നടത്തി.