Press Club Vartha

നിപയെ തോൽപ്പിക്കാൻ രാപ്പപകലില്ലാതെ പോരാടിയ ആരോഗ്യ പ്രവർത്തകരെ മന്ത്രി വീണാജോർജ് അഭിനന്ദിച്ചു

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ ആശ്വാസമുള്ള ദിവസമാണ് ഇന്ന്. ഒമ്പതു വയസുകാരൻ ഉൾപ്പെടെ ചികിത്സയിലുണ്ടായിരുന്ന നാല് പേരും അഞ്ച് ദിവസത്തെ ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനയിലും നെഗറ്റീവായി രോഗമുക്തരായതായി സ്ഥിരീകരിച്ചിരിക്കുന്നു. നാല് പേരും വീട്ടിലേക്ക് മടങ്ങുകയാണ്. നാല് പേരോടും വീഡിയോ കോളിലൂടെ സംസാരിച്ചു. ആ മകനൊപ്പം ഉമ്മയും ഉണ്ടായിരുന്നു. ഇവർ എല്ലാവരും പൂർണമായും രോഗവിമുക്തരായിട്ടാണ് വീടുകളിലേക്ക് മടങ്ങുന്നത്. മാരകമായ ഒരു രോഗത്തിനെതിരെ പടപൊരുതി വിജയിച്ചവരാണ് അവർ. അതേസമയം തന്നെ ഇവർക്ക് ഉടനടി മറ്റെന്തെങ്കിലും അണുബാധയോ രോഗങ്ങളോ ഉണ്ടാകുന്നത് തടയേണ്ടതും വളരെ അത്യാവശ്യമാണ്. അതിനാലാണ് വീടുകളിൽ ഇവർ മാറി താമസിക്കണം എന്നും ഇവർ താമസിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുള്ളത്.രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന എല്ലാവർക്കും മന്ത്രി വീണാജോർജ് ആശംസകൾ നേർന്നു

നമ്മുടെ ശ്രദ്ധ കുറയ്ക്കാറായിട്ടില്ല, കാരണം കേരളത്തിൽ തന്നെ സമ്പർക്കം ഉണ്ടായി രണ്ടാഴ്ചയ്ക്കു ശേഷവും രോഗികളെ കണ്ടെത്തിയിട്ടുള്ള അനുഭവങ്ങളുണ്ട്. നിപ രോഗത്തിന്റെ ഇൻക്യൂബേഷൻ സമയത്തിന്റെ പരിധി 21 ദിവസമാണ്. എങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ രോഗികൾ ഇല്ല എന്നത് ആശ്വാസം പകരുന്ന വസ്തുതയാണ് വീണാജോർജ്

ഈ സാഹചര്യത്തിൽ ഇത്തവണ ഉണ്ടായ നിപ പ്രതിരോധത്തിന്റെ ചില പ്രത്യേകതകൾകൂടി ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. പൊതുവിൽ മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയൻ നിപ്പയുടെ വകഭേദമാണ് കേരളത്തിൽ കണ്ടുവരുന്നത്. ഇപ്പോഴത്തെയുൾപ്പെടെ കേരളത്തിൽ ഉണ്ടായിട്ടുള്ള എല്ലാ നിപ അണുബാധകളിലും, അതോടൊപ്പം വവ്വാലുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലും ഇതേ തരത്തിൽപ്പെട്ട വൈറസിനെ തന്നെയാണ് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളത്. സാധാരണ രോഗബാധിതരാകുന്നവരിൽ 70% മുതൽ 90% വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. എന്നാൽ ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയിൽ ആറുപേരിൽ രണ്ടുപേരെയാണ് നമുക്ക് നഷ്ടമായത്, അതായത് 33.3% എന്ന താരതമ്യേന കുറഞ്ഞ മരണനിരക്കാണ് നമുക്കുള്ളത്. രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറൽ മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞതായിരിക്കാം മരണനിരക്ക് കുറഞ്ഞതിന് കാരണം.

ഇത്തവണയുണ്ടായ നിപ ബാധയുടെ മറ്റൊരു സവിശേഷത ആദ്യ രോഗിയിൽ നിന്നല്ലാതെ മറ്റൊരാളിലേക്ക് രോഗപ്പകർച്ച ഉണ്ടായില്ല എന്നതാണ്. അതായത് രോഗാണുബാധ തിരിച്ചറിഞ്ഞ സെപ്റ്റംബർ 11 ന് ശേഷം ഒരു രോഗി പോലും ഉണ്ടാകുന്നത് തടയാൻ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ആദ്യ രോഗി ഉൾപ്പെടെ ആറ് രോഗികളിൽ അഞ്ചു രോഗികളെയും കണ്ടെത്തിയത് സർക്കാർ സംവിധാനം നേരിട്ടോ അല്ലെങ്കിൽ സർക്കാർ സംവിധാനത്തിന്റെ നിർദ്ദേശം അനുസരിച്ച് സ്വകാര്യ ആശുപത്രികളിൽ നിന്ന് അയച്ച സാമ്പിളുകളിൽ നിന്നോ ആണ് എന്ന വസ്തുതയും നമ്മുടെ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാളും മിംസ് ആശുപത്രിയിൽ രണ്ടാളും ഇക്രയിൽ ഒരാളുമാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ ഒമ്പതു വയസ്സുകാരൻ ദിവസങ്ങളോളം വെൻറിലേറ്ററിലായിരുന്നു. നിപ പോസിറ്റീവായി വെൻറിലേറ്ററിലായിരുന്ന രോഗി ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നത് വളരെ വലിയ ആശ്വാസമാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും  ചെയ്തു

കൂടുതൽ രോഗികളെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ടുള്ള മറ്റൊരു പ്രധാനപ്പെട്ട ഗുണം നിപയെ പ്രതിരോധിക്കാൻ ഭാവിയിൽ ഇത് വളരെ ഗുണം ചെയ്യും എന്നതാണ്. മുൻപുണ്ടായ രണ്ട് നിപ അണുബാധകളിൽ നിന്നായി മൂന്നുപേർ രോഗാവസ്ഥയുടെ കടന്നുപോയതിന് ശേഷം രക്ഷപ്പെട്ടിട്ടുണ്ട്, ഇത്തവണ മാത്രം നാലുപേരും. അങ്ങനെ ഏഴ് പേർ നമ്മുടെ നാട്ടിൽ നിപ രോഗത്തിന്റെ പിടിയിൽ നിന്നും രോഗബാധ ഉണ്ടായതിന് ശേഷവും രക്ഷപ്പെട്ടിട്ടുണ്ട്.

രോഗബാധയെ കഴിയുന്നത്ര നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി, രോഗാണുബാധ അത് ആദ്യം പ്രത്യക്ഷപ്പെടുന്ന ഇടത്ത് തന്നെ വേഗത്തിൽ കണ്ടെത്താൻ ട്രൂനാട്ട് ടെസ്റ്റുകൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഹൈറിസ്ക് മേഖലകളിലും സ്ഥാപിക്കാനുള്ള ഉദ്യമം തുടങ്ങി കഴിഞ്ഞു. അതിനുള്ള പരിശീലനം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചില പ്രത്യേക ഇനം വവ്വാലുകളിൽ അപൂർവ്വമായി കണ്ടുവരുന്നതായി തെളിവുകളുള്ള നിപ വൈറസിന്റെ പ്രസ്തുത വകഭേദം ഏത് രീതിയിലാണ് മനുഷ്യനിലേക്ക് എത്തുന്നത് എന്നത് ഇന്നും ഐസിഎംആറിനും ഉത്തരമില്ലാത്ത ചോദ്യമാണ്. അത് കണ്ടെത്തുന്നതിനും നിപ അണുബാധ കാരണം മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കുന്നതിനുമായി വൺ ഹെൽത്ത് പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കുകയും ഗവേഷണപ്രവർത്തനങ്ങൾ ശാക്തീകരിക്കുകയും ചെയ്യും വീണാജോർജ് അറിയിച്ചു

Share This Post
Exit mobile version