Press Club Vartha

പോക്സോ വകുപ്പിൽ പ്രായപരിധി കുറയ്ക്കരുത്; നിയമ കമ്മീഷൻ

ന്യൂഡൽഹി: പോക്സോ വകുപ്പു പ്രകാരം ശാരീരിക ബന്ധത്തിനു സമ്മതം നൽകുന്നതു സംബന്ധിച്ച പ്രായപരിധി പതിനാറാക്കി കുറയ്ക്കരുതെന്ന് ഇരുപത്തിരണ്ടാം നിയമ കമ്മിഷന്‍റെ ശുപാർശ. ബുധനാഴ്ച കേന്ദ്ര നിയമമന്ത്രാലയത്തിനു കൈമാറിയ റിപ്പോർട്ടിലാണു പ്രായപരിധി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലന്നു കമ്മിഷൻ വ്യക്തമാക്കിയത്.

നിലവിൽ 18 വയസാണു പ്രായപരിധി.അതേസമയം, കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട പോക്സോ കേസുകളിൽ പലതിലും ആൺകുട്ടി ജയിലിലാവുകയും പെൺകുട്ടി ദുരിതത്തിലാവുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

കമ്മിഷൻ അധ്യക്ഷൻ ഋതുരാജ് ആവസ്തിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന നിയമകമ്മിഷൻ യോഗമാണു ശിക്ഷ കുറയ്ക്കാനുള്ള ഭേദഗതി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അംഗീകരിച്ചത്.

പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം മൂന്നര വയസിൽ കൂടാൻ പാടില്ല, പെൺകുട്ടിയുടെ മൗനാനുവാദം ഉണ്ടായിരുന്നോ, പ്രായപൂർത്തിയായ ശേഷം വിവാഹം ചെയ്യുന്ന സാഹചര്യം, കുടുംബാംഗങ്ങൾ വിവാഹ ബന്ധം അംഗീകരിച്ചിട്ടുണ്ടോ, ആൺകുട്ടിയുടെ ക്രിമിനൽ പശ്ചാത്തലം, ചതിയും നിയമ വിരുദ്ധ സ്വാധീനവുമുണ്ടോ, പെൺകുട്ടിയെ മനുഷ്യക്കടത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ടോ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാകണം കോടതിയുടെ തീരുമാനമെന്നും കമ്മിഷൻ. ശുപാർശയിൽ കേന്ദ്രസർക്കാരാണ് അന്തിമ തീരുമാനം എടുക്കുക.

Share This Post
Exit mobile version