Press Club Vartha

പുസ്തക നിരൂപണം: ഫ്രാൻസിസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം,’ വിനീതാ വിജയൻ എഴുതുന്നു…

ചെമ്മീനു ശേഷം ആലപ്പുഴയുടെ കടലോരം എഴുത്തു തീരമാക്കിയ, കാല പരിഗണനയിൽ നൂറ്റാണ്ടു ജീവിതത്തിന്റെ കഥ പറയുന്ന നോവലാണ് ഫ്രാൻസിസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം.’ മലയാളത്തിലെ മറ്റേതു പ്രമുഖ സാഹിത്യകാരന്മാർക്കും ഉള്ള സ്വീകാര്യത വിരലിലെണ്ണാവുന്ന കഥകൾ കൊണ്ടു നേടിയ പ്രതിഭാശാലിയായ യുവ എഴുത്തുകാരൻ ഇരുനൂറ്റമ്പതോളം പേജുകൾ വരുന്ന ഇരുപത്തിനാലദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവലിൽ വിപ്ലവവും മതവും പീഡാനുഭവങ്ങളും കരുണയും ഊടും പാവും ചേർത്ത തീരദേശ ജനതയുടെ ജീവിതമാണ്‌ എഴുതുന്നത്. ഒപ്പം വിശുദ്ധ പ്രഖ്യാപനത്തിനൊരുങ്ങുന്ന ചരിത്രപുരുഷൻ, ഫാദർ റൈനോൾഡ്സ് പുരയ്ക്കൽ എന്ന മനുഷ്യ സ്നേഹിയായ പുരോഹിതന്റെ ജീവിതവും.

ഈ അടുത്ത കാലത്ത് മലയാള സാഹിത്യത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് അശരണരുടെ സുവിശേഷത്തിന് ബെന്യാമിൻ എഴുതിയ അവതാരിക. വിശ്വസാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസ് “കോസ്റ്റും ബ്രിസ്മോ” എന്നു വിശേഷിപ്പിച്ച കയ്യടക്കത്തിന്റെ കരവിരുത് ഫ്രാൻസിസ് നൊറോണ അശരണരുടെ സുവിശേഷമെഴുത്തിൽ പ്രകടിപ്പിക്കുന്നതായി ബെന്യാമിൻ ആ അവതാരികയിൽ അഭിപ്രായപ്പെടുന്നുണ്ട്. ഒരു ദേശത്തിന്റെ കഥ, ഏതു ദേശങ്ങളുടേതും, ഒരു കടപ്പുറത്തിന്റെ കഥ ഏതു കടപ്പുറത്തിന്റേതുമാവുന്ന സാർവ്വദേശീയ മാനത്തെയാണ് കോസ്റ്റും ബ്രിസ്മോ എന്ന പദത്തിലൂടെ മാർക്കേസ് അടയാളപ്പെടുത്തുന്നത് എങ്കിൽ നൊറോണയുടെ നോവലിലൂടെ കടന്നുപോവുമ്പോൾ, പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമങ്ങളെയും നിത്യ ജീവിത രീതികളെയും, ആചാരങ്ങളെയും, ഭക്ഷ്യവിഭവങ്ങളെയും വേഷ ക്രമങ്ങളെയും ഭാഷാ സാഹിത്യ കൃതികളെയും എല്ലാം കാല ബന്ധിത ചിത്രങ്ങളായി അടയാളപ്പെടുത്തി സൂക്ഷിക്കുന്ന പരമ്പരാഗത രീതിയായ കോസ്റ്റും ബ്രിസമെന്ന സങ്കേതത്തോടാണ് അതിന് ഏറെ അടുപ്പം എന്നു കാണാം.

പാശ്ചാത്യ ഫോക്ലോറിക് മ്യൂസിയങ്ങളിലും കോസ്റ്റും ബ്രിസ്മാ ഫെസ്റ്റിവൽ പ്രദർശനങ്ങളിലും ഈ ശൈലി പിന്തുടർന്നു കാണാറുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തിന്റെ പല കാല സമയങ്ങളുടെ ലളിതമായ പ്രാതിനിധ്യം കാല്പനിക ഭംഗിയോടെ ചിത്രീകരിക്കുന്നതാണ് അവയുടെ സംവിധാന ശൈലി.

അശരണരുടെ സുവിശേഷത്തിലേക്ക് വരുമ്പോൾ, ആ ഭാഷയുടെ ഈടുവയ്പിന്റെ ചരിത്ര സന്ധികളിൽ നസ്രാണി ദീപികയും കർമ്മല കുസുമവും കാറൽമാൻ ചരിതവും ജ്ഞാനമുത്തുമാലയും ഉമ്മൻ പീലിപ്പോസും കേളീസല്ലാപവും കൃപാനിധി ജപപ്പുസ്തകവും അവയിൽ അച്ചടിമഷി പുരട്ടിയ സാഞ്ചോൺ അച്ചുകൂടവും സെന്റ് ജോസഫ് പ്രസ്സും ലിഖിത സാന്നിധ്യങ്ങളാവുന്നു. റേന്ത വിരി പുതപ്പിച്ച മേശകളിലെ വട്ടയപ്പവും കാട്ടു കറുകയിലയിൽ പുഴുങ്ങിയ കുമ്പിളപ്പവും തീരത്തിന്റെ രുചിയടയാളങ്ങളെന്ന് നാവിലലിയുന്നു. അറക്കപ്പൊഴിയും കണ്ടലും പൂവരശും പച്ചത്തൊണ്ട് കയറ്റിയ കമ്പനി വള്ളങ്ങൾ നിറഞ്ഞ പൊഴികളും തീരഭൂമിയുടെ ഉടലടയാളങ്ങളെന്നു നിറയുന്നു.

നാടിന്റെ വിശ്വാസാന്ധവിശ്വാസങ്ങൾ കൂടിയുമാണ് നാടിന്റെ കഥ. ആലപ്പുഴയുടെ കടലോരക്കാറ്റത്ത് അപ്പൂപ്പൻ താടികൾ പോലെ പറന്നിരുന്ന അത്തരമൊത്തിരിക്കുഞ്ഞു കഥകൾ അശരണരുടെ സുവിശേഷത്തിലുമവിടവിടെ പറന്നു പോവുന്നുണ്ട്.

പൗരസമത്വവാദ പ്രക്ഷോഭവും ഇ.ജെ.ജോണും ടി.കെ.മാധവനും ശ്രീനാരായണ ഗുരുവും വാടപ്പുറം ബാവയും ശ്രീ മൂലം പ്രജാസഭയും മുതൽ ഉമ്മൻ ചാണ്ടി വരെ നീളുന്നവ ആഭ്യന്തര രാഷ്ട്രീയ സാംസ്കാരങ്ങളുടെ കടന്നു പോക്കിടങ്ങളാവുന്നു. അങ്ങനെ അടരുകളായെടുത്തു നോക്കിയാൽ ഒരു നൂറ്റാണ്ടു നീളുന്ന ആലപ്പുഴക്കടപ്പുറത്തിന്റെ ഫോക് ലോറിക് കോസ്റ്റും ബ്രിസ്മാ മ്യൂസിയമാണ്
നൊറോണയുടെ അശരണരുടെ സുവിശേഷം.

നാടിന്റെ വിശ്വാസാന്ധവിശ്വാസങ്ങൾ കൂടിയുമാണ് നാടിന്റെ കഥ. ആലപ്പുഴയുടെ കടലോരക്കാറ്റത്ത് അപ്പൂപ്പൻ താടികൾ പോലെ പറന്നിരുന്ന അത്തരമൊത്തിരിക്കുഞ്ഞു കഥകൾ അശരണരുടെ സുവിശേഷത്തിലുമവിടവിടെ പറന്നു പോവുന്നുണ്ട്. കുഞ്ഞു റൈനോൾഡ്സിന്റെ പൗത്തീസ് കുപ്പായത്തിന്റെ കാലുറ ഇത്തിരി വലുതാണ് എന്നു പറയുമ്പോൾ അവന്റെ അമ്മൂമ്മ പറയുന്നുണ്ട് “ബൗത്തീസിന്റെ കാലുറപാകമാകാതെ വന്നാൽ വലുതാവുമ്പോ അലച്ചിലായിരിക്കും എന്ന്.”

കാലുറപാകമാകാതെ വന്നതുകൊണ്ടാണോ എന്തോ കർത്താവിന്റെ ബലിപീഠത്തെ സ്വന്തമാക്കട്ടേയെന്ന് ആദ്യ ആശിർവ്വാദമേറ്റു വാങ്ങിയവനായ കുഞ്ഞു റൈനോൾഡ്സ്, അശരണരായ അനാഥ ബാല്യങ്ങളുടെ രക്ഷകനായി. ദൈവ സന്ദേശത്തിന്റെ ഇടനിലക്കാരനായ, ദൈവം എന്ന അധികാര സ്ഥാപനത്തിന്റെ മെസഞ്ചറായ ഫാദർ റൈനോൾഡ്സായി നൈതലിന്റെ മണൽ തിട്ടയിറങ്ങി വന്ന് സഹനങ്ങളുടെ വിശുദ്ധ സുവിശേഷമായി മാറുകയാണ്. വായനക്കാരനും ഫാദർ റൈനോൾഡ്സിനും ഇടയിലെ മെസഞ്ചറായാണ് യഥാർത്ഥത്തിൽ ഫ്രാൻസിസ് നെറോണ എന്ന എഴുത്തുകാരൻ  അശരണരുടെ  സുവിശേഷത്തിൽ ഇടപെടുന്നത്. എഴുത്തുകാരന്റേതായി ഒരു വാചകം പോലും നോവലിലില്ല.

കാലദേശങ്ങൾക്കപ്പുറത്തേക്ക് കടത്തിക്കൊണ്ടു പോകപ്പെടുന്ന ഗന്ധ സാന്നിധ്യങ്ങൾ, നൊറോണയുടെ അക്ഷരങ്ങളെ വിടാതെ പിന്തുടരുന്നുണ്ട്. അപ്പോൾ പോലും നെയ്തലാമ്പലും മുത്തങ്ങാക്കിഴങ്ങും ഇട്ടു കാച്ചിയ എണ്ണയുടെ പിതൃഗന്ധങ്ങളെ ഓർത്തെടുക്കുന്ന ജോസഫിനോട്  തമ്പ്രാക്കൻമാർ അനുഭവത്തെങ്ങിൽ കെട്ടിയിട്ട് തലക്കടിച്ചു കൊന്നു കളഞ്ഞ, കവുങ്ങിലും തെങ്ങിലും കയറുന്ന തങ്ങളുടെ തന്തമാരുടെ മുശുക്കു മണത്തിന്റെ മറുകഥ പറയുന്ന തേവനെക്കൂടി എഴുത്തുകാരൻ ഒപ്പം ചേർക്കുന്നുണ്ട്. കാച്ചെണ്ണ ഗന്ധവും മര മുശുക്കും പോലെ ഇഴപിരിഞ്ഞു കിടക്കുന്ന മേൽ കീഴ്ജീവിതങ്ങളായി ആദി മുതൽക്ക് അന്ത്യം വരേക്കും അവ നോവലിന്റെ ഗന്ധ സാന്നിധ്യമാവുന്നു.

“എന്റെ കാലം കഴിയുന്നു.ഇനിയെങ്കിലും നിനക്കൊരു പിടിപ്പുവേണം” എന്ന അപ്പന്റെ ഉപദേശം കേട്ടുകൊണ്ടാണ് കുഞ്ഞു റൈനോൾഡ്സിനും അമ്മ മേരിക്കും ഒപ്പം ജോസഫ് പൊള്ളോത്തൈയ്യിലെ പുതു ജീവിതത്തിലേക്ക് വഞ്ചിനീക്കിയത്. എന്നാൽ വിശന്നു വാടിയ ഉടലുകളുടെ വിയർപ്പു പങ്കു കൊണ്ട് തനിക്ക് ധനികനാകണ്ട എന്നായിരുന്നു അയാളുടെ തീരുമാനം.

ജോസഫ്..കൊല്ലാനും തല്ലാനും അധികാരമുള്ള തുറയിലെ കാരണവരുടെ മുന്നിൽ തന്റേടത്തോടെ നിവർന്നു നിൽക്കുന്നവൻ, പെലയനന്തോണീന്ന് പേരു കൂട്ടിപ്പറഞ്ഞില്ലെങ്കിൽ മുതുകു പൊളിയുന്ന തല്ല് പുളിങ്കമ്പിന് കിട്ടും എന്നു ഭയക്കുന്ന അന്തോണിയെ കൈയ്യ് പിടിച്ച് പളളിയിൽ കയറ്റിയവൻ, ഒരു പക്ഷേ ഫാദർ റൈനോൾഡ്സിനോളം തന്നെ മിഴിവുള്ള കഥാപാത്രമാണ് ജോസഫ്. ജനിച്ചയുടൻ മരിച്ചു പോയവനായിട്ടും വർഗ്ഗീസ് എന്ന പേരുള്ള അനുജനും ചിരിച്ചു ചിരിച്ചു മരിച്ചു പോയവനായ റപ്പായിയും കാർമിസ് മരുന്നിന്റെ മണമുള്ള ദാസനും റെക്ടറച്ചനും ചാക്കപ്പനും എല്ലാം, മിഴിവുള്ള ആൾരൂപങ്ങളായി ഒഴിഞ്ഞു പോകാതെ പിന്തുടരുന്നു.

ഗതകാല ചരിത്രത്തിലൂടെ സമകാല സൈബർ ഇടങ്ങളുടെ സൗഹൃദ ലോകത്തേക്ക് കഥാ ചക്രത്തെ ചേർത്തു പിടിക്കുന്ന രീതിയാണ് ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളിലെന്നതു പോലെ അശരണരുടെ സുവിശേഷത്തിൽ ഫ്രാൻസിസ് നൊറോണയും പിന്തുടരുന്നത്.

നാൾവഴിക്കണക്കുകളിലൂടെയല്ലാതെ കരുണയുടെയും കരുത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ദശാസന്ധികളിലൂടെ മുന്നോട്ടു നീങ്ങുന്ന കഥപറച്ചിലിന്റെ അവസാന ഘട്ടവും കടന്ന് മെസഞ്ചർ ഫ്രാൻസിസ് പുരയ്ക്കൽ എന്ന് ഗൂഗിൾ സെർച്ചിലെ മൗസ് ക്ലിക്കിലേക്ക് വായനക്കാരന്റെ വിരലുകൾ നീളുമ്പോൾ മാത്രമാണ് ഫാദർ റൈനോൾഡ് തങ്ങളിത്ര നേരം വായിച്ചു പോന്ന നോവലിലെ സാങ്കൽപ്പിക കഥാപാത്രമായിരുന്നില്ല എന്നും തൊട്ടറിഞ്ഞ സഹനവും കണ്ണീരും യാഥാർത്ഥ്യങ്ങളായിരുന്നുവെന്നും വായനക്കാരൻ അത്ഭുതവിസ്മയങ്ങളോടെ തിരിച്ചറിയുന്നത്.

ഫ്രാൻസിസ് നൊറോണ

ഫ്രാൻസിസ് നൊറോണ എന്ന നോവലിസ്റ്റ് കുട്ടിക്കാലം മുതൽക്ക് കണ്ടറിഞ്ഞ, അനാഥാലയത്തിലെ തന്റെ സുഹൃത്തുക്കളായ അന്തേവാസികളിൽ നിന്ന് കേട്ടറിഞ്ഞ ഫാദർ റൈനോൾഡ്സിന്റെ ജീവിതം കുട്ടിക്കാല കൗതുകത്തിനപ്പുറം തന്നെ പിൻതുടരുന്നുവെന്ന തിരിച്ചറിയലാണ് അഞ്ചര വർഷത്തെ അദ്ധ്വാനത്തിലൂടെ ഫാദർ റൈനോൾഡ്സിന്റെ ജീവിതം ആസ്വാദകരെ മുഴുവൻ അത്ഭുതപ്പെടുത്തുന്ന നോവലായി എഴുതി വെയ്ക്കുന്നത്.

ആലപ്പുഴയുടെ നോവൽ എന്ന് ആസ്വാദകർ മുഴുവൻ വാഴ്ത്തുമ്പോഴും ആലപ്പുഴക്കും സഭാനേതൃത്വങ്ങൾക്കും ഫാദർ റൈനോൾഡ്സിന്റെ കുടുബത്തിലെ ഇപ്പോഴത്തെ തലമുറയ്ക്കും പോലും സ്വീകാര്യമായ ഒന്നല്ല അശരണരുടെ സുവിശേഷം

റൈനോൾഡ്സിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരുന്ന, ഇപ്പോൾ തൊണ്ണൂറു വയസ്സിനു മേൽ പ്രായമുള്ള തീരദേശ വാസികളായ മനുഷ്യരെ നേരിൽ കണ്ട്, അവരുടെ മാഞ്ഞു പോവാത്ത ഓർമ്മകളിൽ നിന്ന് അദ്ദേഹത്തെ പരതിയെടുത്ത്, കടലോരത്തിന്റെ ഇന്നലെകളെ ഇരുന്നൂറിലേറെ പുസ്തകങ്ങളിലൂടെ തിരഞ്ഞറിഞ്ഞ്, കടപ്പുറങ്ങളിലൂടെ കാതങ്ങളലഞ്ഞ്, മാന്നാനം കുന്നിനു മുകളിലെ രാത്രികളെ തൊട്ടെടുത്ത്..അങ്ങനെയങ്ങനെ ഗർഭാവസ്ഥയിൽ തുടങ്ങി എൺപത്തിയഞ്ചു വയസ്സിലെ മരണ ദിനം വരേക്കും, അതിനുമപ്പുറത്തേക്കും പൊലിവുകളില്ലാത്ത തെളിഞ്ഞ ചിത്രങ്ങളായി കൈയ്യടക്കത്തോടെ അടയാളപ്പെടുത്തുന്നു നെറോണ.

ആലപ്പുഴയുടെ നോവൽ എന്ന് ആസ്വാദകർ മുഴുവൻ വാഴ്ത്തുമ്പോഴും ആലപ്പുഴക്കും സഭാനേതൃത്വങ്ങൾക്കും ഫാദർ റൈനോൾഡ്സിന്റെ കുടുബത്തിലെ ഇപ്പോഴത്തെ തലമുറയ്ക്കും പോലും സ്വീകാര്യമായ ഒന്നല്ല അശരണരുടെ സുവിശേഷം. വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനുള്ള സഭാ തീട്ടൂരങ്ങളിലെല്ലാം ‘ദിവ്യകാരുണ്യാരാധനയിലൂടെ ദൈവ മഹത്വത്തിലേക്കുയർത്തപ്പെട്ടവൻ’ എന്ന് അവർ എഴുതി വച്ച മിനുക്കിയ വാചകങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് അനാഥർക്കും അരികു ജീവിതങ്ങൾക്കും വേണ്ടി സഹനവും ത്യാഗവും സഹിച്ച അവരുടെ ഉയിർപ്പിനായി തന്റെ ഉയിരും വൈദീക ശുശ്രൂഷയും നീക്കിവച്ച പച്ച മനുഷ്യനായി ഫാദർ റൈനോൾഡ്സ്  അശരണരുടെ സുവിശേഷത്തിൽ അടയാളപ്പെടുത്തപ്പെട്ടപ്പോൾ ഫാദർ റൈനോൾഡ്സിന്റെ കുടുംബത്തിലെ പുതുമുറക്കാരിലൊരാൾ നോവലിസ്റ്റിനെ ആക്ഷേപിച്ചത് ഇങ്ങനെയാണ് – “എന്തു വൃത്തികെട്ട ഭാഷയിലാണ് നിങ്ങൾ ഈ നോവൽ എഴുതിയിരിക്കുന്നത്.? കാറില്ലാതെ യാത്ര ചെയ്യേണ്ടി വന്നിട്ടുള്ള അപൂർവ്വ അവസരങ്ങളിൽ, തീരദേശത്തു കൂടെ ഓടുന്ന ബസ്സുകളിൽ അബദ്ധവശാൽ യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളപ്പോൾ മാത്രമാണ് ഞങ്ങളിതിനു മുൻപ്, നിങ്ങളീ നോവലെഴുതാൻ ഉപയോഗിച്ചിട്ടുള്ള വൃത്തികെട്ട ഭാഷ കേൾക്കേണ്ടി വന്നിട്ടുള്ളത്,” എന്നായിരുന്നു.

ഒരു പക്ഷേ അവർ ആക്ഷേപമായി പറഞ്ഞ അതേ ഭാഷ തന്നെയാണ് മലയാളത്തിലിന്നോളമുണ്ടായിട്ടുള്ള പുണ്യപുരുഷ ചരിതങ്ങളിൽ നിന്നും ജീവചരിത്ര നോവലുകളിൽ നിന്നും അശരണരുടെ സുവിശേഷത്തെ വേറിട്ടു നിർത്തുന്നത്.

ചെത്തിയും അർത്തുങ്കലും കാട്ടൂരും വരാപ്പുഴയും കണ്ണാന്തുറയും പൊള്ളോത്തൈയും കോക്കമംഗലവും കടന്നു കരകവിയുന്ന കടൽ സാന്നിദ്ധ്യത്തിന്റെ ഉപ്പു കാറ്റും ചൊരുക്കും തണുപ്പും വേവും വിങ്ങലും തെളിമയും തലോടലും വിസ്മയിപ്പിക്കും വിധം പരന്നു പടർന്ന ഭാഷ. ശൈലിയിൽ ഉരുവം കൊള്ളുന്ന നെയ്തൽ തിണയുടെ ആഖ്യാന ഗരിമ തുടക്കം മുതൽ അവസാന അക്ഷരം വരെ “മീൻ പൊലപ്പു പോലെ വെളളിവെട്ടം നിറയുന്ന ആകാശത്തെ നത്താൾ നക്ഷത്രം പോലെ, തെളിഞ്ഞു നിൽക്കുന്നു  അശരണരുടെ  സുവിശേഷത്തിൽ.

ലേഖികയെ പറ്റി,

വിനീതാ വിജയൻ

വിനീതാ വിജയൻ

ആലപ്പുഴ ജില്ലയിൽ ജനനം. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്ത ബിരുദം. ‘മലയാള കവിതയിലെ പാരമ്പര്യവും പരിസ്ഥിതിയും’ എന്ന വിഷയത്തിൽ എം.ജി യൂണിവേഴ്സിറ്റിയിൽ ഗവേഷണം പൂർത്തിയാക്കി. ആറു പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചു. ദൃശ്യ മാധ്യമ രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയ ഇടപെടലുകൾ. നിലവിൽ കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ മലയാളം ഫാക്കൽട്ടി ആയി ജോലി ചെയ്യുന്നു. ഫോൺ നമ്പർ: 8547896770

Share This Post
Exit mobile version