Press Club Vartha

അണ്ടൂര്‍ക്കോണം ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം ഇനി നവീകരിച്ച മന്ദിരത്തില്‍; ഉദ്ഘാടനം ജി ആർ അനിൽ നിർവഹിച്ചു

തിരുവനന്തപുരം: അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഹോമിയോ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഹോമിയോ ചികിത്സാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഹോമിയോ മരുന്നുകളോട് വിശ്വാസമുണ്ടായത് പകര്‍ച്ച വ്യാധികളുടെ കാലത്താണ്. ഹോമിയോ ചികിത്സാരീതികള്‍ ഇത്രയേറെ ജനകീയമാകുന്നത് ഈ അടുത്ത സമയത്താണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ വീടുകളിലെത്തി രോഗപ്രതിരോധ ശക്തി നല്‍കുന്ന മരുന്നുകള്‍ വിതരണം ചെയ്തത് ഹോമിയോ വകുപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും 10 ലക്ഷം വിനിയോഗിച്ചാണ് അണ്ടൂര്‍ക്കോണം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള കരിച്ചാറ ഹോമിയോ ആശുപത്രി മന്ദിരം നവീകരിച്ചത്. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹരികുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Share This Post
Exit mobile version