Press Club Vartha

ഗഗന്‍യാന്‍ പരീക്ഷണം: ഐ. എസ്.ആർ.ഒ.യ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെ ഐ. എസ്.ആർ.ഒ.യ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ പങ്കുവച്ചത്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിതെന്നും ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതല്‍ സമഗ്രമായ വളര്‍ച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗന്‍യാന്‍. ഏറെ നേരം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.

വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ‌ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. പ്രത്യേകം രൂപകൽപ്പന ചെയ്ത വിക്ഷേപണ വാഹനമാണ് ക്രൂ എസ്‍കേപ്പ് സിസ്റ്റം പരീക്ഷണത്തിനായി ഐ എസ് ആർ ഒ ഉപയോഗിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതൽ സമഗ്രമായ വളർച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരും. ആ മുന്നേറ്റത്തിന് ഈ പരീക്ഷണഫലം വലിയ ഊർജ്ജമാവും. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ ഗവേഷണ രംഗത്ത് ഇനിയും വലിയ നേട്ടങ്ങൾ ഐ. എസ്.ആർ.ഒ.യ്ക്ക് കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു

Share This Post
Exit mobile version