Press Club Vartha

കടയ്ക്കാവൂർ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയ്ക്ക് നിർദേശം

ചിറയിൻകീഴ്:  ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. സ്‌റ്റേഷൻ പരിസരത്തെ കലുങ്കിലെ കാടും പാറയും കല്ലുകളും നീക്കം ചെയ്ത് നീരൊഴിക്ക് സുഗമമാക്കി വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും കണിയാക്കുടി പാലത്തിനും ഇടയ്ക്കായി റെയിൽവേ ട്രാക്കിന് അടിയിൽ കൂടി ഇരുകരകളെയും ബന്ധിപ്പിക്കുന്ന കലുങ്ക് കാടുപിടിച്ച് പാറയും കല്ലുകളും നിറഞ്ഞു കിടക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെട്ട് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനെതുടർന്ന് പ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളം കയറിയതിനാൽ ഈ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു. ഒരാഴ്ചയായിട്ടും വെള്ളക്കെട്ടിന് ശമനത്തതിനാൽ വൃദ്ധരും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ ദുരിതത്തിലാണ്. അടിയന്തര പരിഹാരം ആവശ്യമാണെന്ന ചിറയിൻകീഴ് തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ റെയിൽവേയ്ക്ക് നിർദേശം നൽകിയത്.

Share This Post
Exit mobile version