Press Club Vartha

അനുസ്മരണം; ഒരു മിന്നൽപ്പിണറിന്റെ ഓർമ്മയക്ക്

-എസ്. എൻ. റോയ്-

കർമ്മനിരതനും വാഗ്മിയും തീരദേശത്തിന്റെ ഉജ്ജ്വല പോരാളിയുമായിരുന്ന പ്രിയ സുഹൃത്ത് എച്ച്.പി.ഷാജിയുടെ ആകസ്മികമായ വേർപാടിന് ഒരു വർഷം..! കാലം എത്ര വേഗമാണ് കുതിയ്ക്കുന്നത്? കാലമെത്ര കഴിഞ്ഞാലും ചില ഓർമ്മകൾക്കു തിളക്കമേറുകയാണ് ചെയ്യുക. സഹജീവികളുടെ ഹൃദയങ്ങളിൽ മായാത്ത മുദ്രകൾ പതിപ്പിച്ച് ഒരിക്കലും ഉണങ്ങാത്തൊരു മുറിവും സമ്മാനിച്ച് കടന്നുപോയൊരു മനുഷ്യനെ എങ്ങിനെയാണ് മറക്കാനാവുക..? ഇന്ന് ഒപ്പമില്ലെങ്കിലും എപ്പോഴും കൂടെ ജീവിക്കുന്ന തീർത്തും അസാധാരണനായ ഒരാൾ!

രാഷ്ട്രീയമായി വിഭിന്ന ചേരികളിലായിരുന്നിട്ടും മറ്റു പലരിലും കണ്ടുവരാറുള്ള കമ്മ്യൂണിസ്റ്റു വിരോധം തൊട്ടു തീണ്ടാത്ത വ്യക്തിത്വം. പരന്ന വായനയും ആഴമേറിയ ചിന്തകളും ഈ രാഷ്ട്രീയ നേതാവിനെ വ്യത്യസ്തനാക്കുന്നു. അടുക്കും ചിട്ടയുമേറിയ ജീവിതമായിരുന്നു അതെങ്കിലും രോഗഗ്രസ്ഥനായി. മാരക രോഗത്തിനു മുന്നിലും അടി പതറാതെ സ്വതസിദ്ധമായ ചങ്കുറപ്പോടെ തലയുയർത്തി നിന്നു. എങ്കിലും വഴിയരികിൽ കാത്തു നിന്ന രംഗബോധമില്ലാത്ത കോമാളി അയാളെയും കൂട്ടി മടങ്ങുന്നത് വേദനയോടെ നമുക്കു കണ്ടു നിൽക്കേണ്ടി വന്നു. ജീവിച്ചു കൊതി തീരാത്ത ഒരു മനുഷ്യനെ, സ്നേഹിച്ചു മതിവരാത്ത ഒരു ഭർത്താവിനെ, കൺനിറയെ കണ്ടു മതിയാവാത്ത ഒരു പിതാവിനെ, നെഞ്ചോടു ചേർത്ത് മതിവരാത്ത ഒരു പ്രിയ സുഹൃത്തിനെ അങ്ങനെ നമുക്കെല്ലാം നഷ്ടമായി.

ദീർഘകാലമായി പരസ്പരമറിയാമായിരുന്നെങ്കിലും അടുത്തു പരിചയമാകുന്നത് വളരെ വൈകി മാത്രമാണ്. വളരെ വർഷങ്ങൾക്കു മുമ്പ് വീടിനു മുന്നിലെ സഹകരണ സംഘത്തിനു മുമ്പിൽ അദ്ദേഹം ഒരു നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചു. എന്റെ പിതാവ് സ്റ്റെല്ലസ് നെറ്റോയായിരുന്നു സംഘത്തിന്റെ പ്രസിഡന്റ്. ഞങ്ങളുടെ പിതാക്കന്മാർ വലിയ ലോഹ്യത്തിലായിരുന്നുവത്രെ. തന്റെ സുഹൃത്തിനെ ഉപദ്രവിയ്ക്കരുതെന്ന സ്വപിതാവിന്റെ നിർദ്ദേശം ഗൗരവപൂർവ്വം പാലിച്ചു കൊണ്ട് വളരെ മാന്യമായി തന്നെ അദ്ദേഹം സമരം നടത്തി. ഏതാനും നാളുകൾ കഴിഞ്ഞ് സമരം അവസാനിപ്പിയ്ക്കാൻ മുകളിൽ നിന്നും നിർദ്ദേശം വന്നതിനാൽ മനസ്സില്ലാമനസ്സോടെ സമരം അവസാനിപ്പിയ്ക്കേണ്ടി വന്നു. അതിന്റെ ഭാഗമായി ഇവിടെയെത്തിയ അഡ്വ. എം.എം ഹസ്സനുമായി സംസാരിച്ചു നിന്നതും പ്രകടമായ നിരാശയോടെ സമരം അവസാനിപ്പിച്ചതും ഓർമ്മയിലുണ്ട്. എല്ലാം കഴിഞ്ഞ് നിസ്സഹായനായി ഒറ്റയ്ക്കു മാറി നിന്ന അദ്ദേഹത്തിന്റെ മുഖം കാലമിത്രയേറെ കഴിഞ്ഞിട്ടും മനസ്സിൽനിന്നും മായുന്നില്ല.

സെന്റ്. സേവിയേഴ് കോളേജുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾക്കെതിരെ രാഷ്ട്രീയം മറന്ന് കൈകോർത്തിലൂടെയാണ് ഊഷ്മളമായ ഞങ്ങളുടെ ഹൃദയബന്ധം ആരംഭിയ്ക്കുന്നത്. ഏറെ തെറ്റിദ്ധരിയ്ക്കപ്പെട്ട ഒരു മനുഷ്യനാണെന്നാണ് അടുക്കും തോറും എനിക്കു തോന്നിയത്. തീരദേശത്തിന്റെ ഹൃദയ സ്പന്ദനങ്ങൾ ഏറ്റുവാങ്ങുകയും ജന്മം നൽകിയ സമുദായത്തിനുവേണ്ടി വലിയ വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന വ്യക്തിയുമായിരുന്നു ശ്രീമാൻ എച്ച്.പി ഷാജി. കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചുവെങ്കിലും എത്രയോ വലിയ നിലയിൽ എത്തിച്ചേരേണ്ട അദ്ദേഹത്തിനു അതിന് സാധിക്കാതെ പോയി.. തീരത്തിന്റെ മക്കൾ പൊതുവേ നേരിടാറുള്ള അവഞ്ജയിലും അവഗണനയിലും നിന്ന് ഈ അസാമാന്യ പ്രതിഭയ്ക്കു പോലും മോചനമില്ലാതെ പോയി എന്നത് ഇന്നോർക്കുമ്പോൾ ഒരു കടങ്കഥ പോലെ തോന്നുന്നു.

കോളേജ് സംരഷണ സമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം വിളിയ്ക്കുന്ന യോഗങ്ങളിലും സമര പരിപാടികളുമായെല്ലാം ബന്ധപ്പെട്ട് കൂടെക്കൂടെ വിളിയ്ക്കുകയും കാണുകയുമൊക്കെ ചെയ്തിരുന്നു. കോവിഡ് പടർന്നു പിടിച്ച നാളുകളിൽ കോളേജ് പ്രശ്നവുമായി ബന്ധപ്പെട്ട് ഒന്നുരണ്ടു തവണ കാണാൻ വിസമ്മതിച്ച എന്നോട് പരുഷമായി തന്നെ സംസാരിച്ചു. എനിക്കതിൽ പ്രയാസമൊന്നും തോന്നിയില്ലെന്നു മാത്രമല്ല, കടുത്ത രോഗാവസ്ഥയിലും അദ്ദേഹം പുലർത്തിയ ആത്മാർത്ഥതയിലും അസാമാന്യ ധൈര്യത്തിലും ആദരവു തോന്നുകയുമാണുണ്ടായത്! എങ്കിലും നിർഭാഗ്യവശാൽ അവസാന ഘട്ടത്തിൽ സംഭവിച്ച കോവിഡ് രോഗബാധ തന്നെ ആ വിലപ്പെട്ട ജീവൻ കവരുകയായിരുന്നു.

‘അതിരുകൾ മായുന്ന ആകാശം’ എന്ന എന്റെ പുസ്തകം വായിച്ചു കഴിഞ്ഞയുടനെയാണ് ഒരു നിയോഗം പോലെ ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ ഇടവരുന്നത്. തുമ്പയിലെ പത്രപ്രവർത്തകൻ റൊളുദോൻ വഴി, സഹോദരൻ എച്ച് പി ഹാരിസൺ വഴിയാണ് പുസ്തകം ഞാൻ പോലുമറിയാതെ അദ്ദേഹത്തിന്റെ കൈകളിലെത്തുന്നത്. തന്റെ ബാല്യ കൗമാരങ്ങളിൽ അറിയുകയും അനുഭവിയ്ക്കുകയും ചെയ്ത പ്രകൃതിയും ഏതാണ്ടൊക്കെ സമാനമായ ജീവിതാവസ്ഥകളും തന്നെയാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിയ്ക്കുന്നതെന്നും വളരെ ഹൃദ്യമായി അതെല്ലാം അവതരിപ്പിച്ചിരിയ്ക്കുകയാണെന്നും മറ്റും പറഞ്ഞു അനുമോദിയ്ക്കുകയുണ്ടായി. തീർത്തും രോഗം മൂർഛിച്ചിരുന്ന (കസേരയിൽ ഇരിയ്ക്കാൻ പോലും കഴിയാത്ത) അവസ്ഥയിൽ സെന്റ്. സേവിയേഴ്സിൽ സംഘടിപ്പിയ്ക്കപ്പെട്ട ‘പച്ച മരത്തണലിൽ’ എന്ന പുസ്തക ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ‘അതിരുകൾ മായുന്ന ആകാശ’ത്തെക്കുറിച്ച് സംസാരിച്ചത് നിറകണ്ണുകളോടെയല്ലാതെ ഇപ്പോൾ ഓർക്കാൻ കഴിയുന്നില്ല.

ഒരിയ്ക്കൽ സംസാരിച്ചിരിയ്ക്കുമ്പോൾ എന്നെ വിസ്മയ ഭരിതനാക്കി അദ്ദേഹം പറഞ്ഞു: സുഹൃത്ത് എന്നർത്ഥം വരുന്ന ‘സഖാവ്’ എന്ന ലാറ്റിൻ ഭാഷയിൽ നിന്നുത്ഭവിച്ച വാക്കിനോടാണ് ഏറെ പ്രിയമെന്നും കൂടുതൽ അടുപ്പവും ഇഷ്ടവുമുള്ള കോൺഗ്രസ് സുഹൃത്തുക്കളെപ്പോലും ‘സഖാവേ’ എന്നാണ് താൻ സംബോധന ചെയ്യാറുള്ളതെന്നും പറഞ്ഞത് അവിശ്വാസത്തോടെയാണ് കേട്ടിരുന്നത്. യാത്രകൾ ഇഷ്ടപ്പെട്ടിരുന്നു.. ഞാനും ഫാ. ദാസപ്പനുമൊന്നിച്ച് ഒരു വേളാങ്കണ്ണി യാത്രയ്ക്കുള്ള പദ്ധതിയിട്ടിരുന്നു.. ഒരിയ്ക്കലും നടക്കാതെ പോയ ഒരു വേളാങ്കണ്ണിയാത്ര.. എങ്കിലും ആ വിയോഗ ശേഷം എപ്പോൾ അവിടെയെത്തിയാലും ആദ്യമേ ഓർക്കുകയും പ്രാർത്ഥിയ്ക്കുകയും ചെയ്യാറ് ആ പുണ്യഭൂമിയിൽ ഒപ്പമെത്താൻ കഴിയാതെ പോയ ആ ഉത്തമ സുഹൃത്തിന്റെ ആത്മശാന്തിയ്ക്കു വേണ്ടിയാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ വായന ഒരു ഹരമായിരുന്നു. മുന്നറിയിപ്പില്ലാതെ വീട്ടിൽ ചെല്ലുമ്പോഴൊക്കെയും വായിച്ചു കൊണ്ട് കിടക്കുന്നതാണ് കാണാറ്.. മോശമല്ലാത്ത ഒരു പുസ്തകശേഖരവും സ്വന്തമായുണ്ടായിരുന്നു. കലാപരമായി പിന്നാക്കം നിൽക്കുന്ന തീരദേശത്തിന്റെ ഉന്നമനത്തിനായി ‘സർഗ്ഗതീരം’ എന്ന കലാ സംഘടന വലിയൊരു സ്വപ്നമായിരുന്നു. നിരവധി യോഗങ്ങൾ ചേരുകയും ഭാരവാഹികളെയുൾപ്പെടെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നെങ്കിലും തുടർ ചികിത്സകളാൽ വലഞ്ഞതു കാരണം നടന്നില്ല.

ഭൂമിയിൽ ദൈവം അനുവദിച്ച സമയത്തിന്റെ ഖജനാവ് ഒഴിയാറായെന്നും ജീവനു തുല്യം സ്നേഹിച്ച മനുഷ്യരും പ്രകൃതിയും ലോകവും എന്നെന്നേയ്ക്കുമായ് അന്യമാവുകയാണെന്നും അദ്ദേഹം അറിഞ്ഞിരുന്നു.. എങ്കിലും ഒരിയ്ക്കൽപോലും വിഷാദമോ ദൈന്യമോ ആ മുഖത്ത് തെളിഞ്ഞിരുന്നില്ല. അല്ലെങ്കിൽ തന്നെ ഇവിടെ കഴിച്ചു കൂട്ടിയ സമയത്തിൽ നിന്നും അലസതയോ വിരക്തിയോ മൂലം ഒരു കണിക പോലും വൃഥാവിലാക്കാതെ, രോഗാവസ്ഥയിലും ഒന്നും വകവെയ്ക്കാതെ ഒരു പോരാളിയെപ്പോലെ ഓടി നടന്നു പ്രവർത്തിച്ചൊരാൾ എന്തിനു സമയ കാലങ്ങളെപ്പറ്റി വേവലാതിപ്പെടണം. ഉറവ വറ്റിയ ഒരു പുറന്തോടു പോലെ എന്തിനേറെക്കാലം ഒരാൾ ഈ ലോകത്തു ജീവിയ്ക്കണം..? തേജസുറ്റ ഒരു മിന്നൽപ്പിണറിന്റെ കാന്തിയും ഉശിരും തന്നെയാവണം മഹാത്മക്കളുടെ വഴിയും വെളിച്ചവും മനസ്സിൽ കൊണ്ടു നടന്ന ഈ അമരനേയും എന്നും എപ്പോഴും മുന്നോട്ടു നയിച്ചത്!

Share This Post
Exit mobile version