Press Club Vartha

വര്‍ക്കലയില്‍ തൊഴില്‍ സംഗമവും തൊഴില്‍ മേളയും

തിരുവനന്തപുരം: അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള നോളെജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍ തൊഴില്‍ സംഗമവും തൊഴില്‍ മേളയും സംഘടിപ്പിക്കുന്നു.
വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 29, (ഞായറാഴ്ച) ന് രാവിലെ 8.30 ന് വി ജോയ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാമിഷന്‍, ഐ.സി.ടി അക്കാദമി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്

തൊഴില്‍ മേളയില്‍ 160 ലധികം തസ്തികളിലേക്ക് അഭിമുഖങ്ങള്‍ നടക്കും. നിലവില്‍ 2500 ലധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൊഴില്‍ സംഗമത്തിന്റെ ഭാഗമായി വിവിധ നൈപുണ്യ പരിശീലന പരിപാടികളെ കുറിച്ചുള്ള ഓറിയന്റേഷനും ഉണ്ടായിരിക്കുന്നതാണ്.

2026നകം 20 ലക്ഷം പേര്‍ക്ക് തൊഴിലവസരം എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച കേരള നോളജ് ഇക്കോണമി മിഷന്‍
ഉദ്യോഗാര്‍ഥികളുടെ അഭിരുചിക്കും താല്പര്യത്തിനുമനുസരിച്ചുള്ള തൊഴില്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കുന്നു. ഐ ടി ഐ / ഡിപ്ലോമ / പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള ഡി.ഡബ്ല്യൂ.എം.എസില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് പരിശീലനം നല്‍കി തൊഴില്‍ സജ്ജരാക്കുന്നത്. കരിയര്‍ കൗണ്‍സിലിങ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനിങ്, വര്‍ക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റര്‍വ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ് തുടങ്ങിയ സൗജന്യസേവനങ്ങള്‍ നല്‍കി തൊഴില്‍ മേളകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുപ്പിച്ച് ഓഫര്‍ ലെറ്റര്‍ ലഭ്യമാക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് മിഷന്‍ നടത്തുക.

റിമോര്‍ട്ട് വര്‍ക്കുകള്‍, ഫ്രീലാന്‍സ് ജോലികള്‍, വര്‍ക്ക് ഓണ്‍ ഡിമാന്‍ഡ് ജോലികള്‍, പാര്‍ട്ട് ടൈം ജോലികള്‍ ഉള്‍പ്പെടെ നവലോക തൊഴിലുകള്‍ നേടുന്നതിനാവശ്യമായ പരിശീലനങ്ങള്‍ തൊഴിലന്വേഷകര്‍ക്ക് നല്‍കും. തൊഴില്‍ സംഗമത്തിലും തൊഴില്‍ മേളയിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ അന്വേഷകര്‍ നോളെജ് മിഷന്‍ വെബ് സൈറ്റായ ഡി.ഡബ്ല്യൂ.എം.എസ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന തൊഴില്‍ ദാതാക്കളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share This Post
Exit mobile version