കണ്ണൂർ: പിൻചക്രം മാത്രമുള്ള സൈക്കിളിൽ കേരള യാത്രനടത്തി കണ്ണൂർ ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശിയായ സനീദ് എന്ന യുവാവ്. കൂട്ടുകാരോടൊപ്പം കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി കാസർകോട് നിന്നാരംഭിച്ച യാത്ര കന്യാകുമാരിയിൽ നിന്ന് ഇന്നലെ തിരികെ തിരുവനന്തപുരത്ത് എത്തി.
മറ്റേതൊരു വാഹനത്തിനെയും പോലെ സൈക്കിളിൻ്റെയും മുൻ ചക്രമാണ് ലക്ഷ്യം തീരുമാനിക്കുന്നത്. എന്നാൽ സനീദിൻ്റെ സൈക്കിളിന് മുൻ ചക്രമില്ല. പക്ഷെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച ഈ യാത്രയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഇന്നത്തെ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെയും സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും ഉള്ള ബോധ വൽക്കരണമാണ് ഈ വേറിട്ട യാത്രയുടെ ലക്ഷ്യം.
സൈക്കിളിന് ഒരു ടയർ മാത്രമേയുള്ളുവെങ്കിലും കൂട്ടുകാരായ ഇരിട്ടി ഉളിക്കൽ സ്വദേശി പി.പി റസലും ആലക്കോട് സ്വദേശി എം.കെ സിദ്ദീഖും മറ്റു രണ്ട് സൈക്കിളുകളിൽ സനീദിന് മുന്നിലും പിന്നിലുമായി യാത്രയിൽ കൂടെയുണ്ട്. രണ്ട് വർഷമായി സനീദിൻ്റെ മനസിൽ ഈ യാത്രയെ കുറിച്ചുള്ള ചിന്തകൾ തുടങ്ങിയിട്ട്.
ആദ്യദിനം 20 കിലോമീറ്ററും രണ്ടാം ദിനം 40 കിലോമീറ്ററും താണ്ടാനായി. ഒരു ദിവസം 60 കിലോമീറ്റർ ആണ് ലക്ഷ്യം. തിരുവനന്തപുരത്തേക്ക് കാസർകോട് നിന്ന് നിരവധി പേർ സാധാര സൈക്കിളിൽ യാത്രകൾ ചെയ്യാറുണ്ട്. എന്നാൽ വേറിട്ട രീതിയിൽ ആയാലെ യാത്രയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളുവെന്ന് മനസിലാക്കിയാണ് സനീദ് പിൻചക്രം മാത്രമുള്ള സൈക്കിളിലുള്ള യാത്ര തെരഞ്ഞെടുത്തത്. സനീദ് ബൈക്ക്, സൈക്കിൾ എന്നിവ കൊണ്ടുള്ള സാഹസിക പ്രകടന മേഖലയിൽ 8 വർഷമായുണ്ട് .