Press Club Vartha

കേരളീയം ചലച്ചിത്രമേളയിൽ അഞ്ച് ക്ളാസിക് ചിത്രങ്ങളുടെ പുനരുദ്ധരിച്ച പതിപ്പുകൾ

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്രമേളയിൽ അഞ്ച് ക്ളാസിക് ചിത്രങ്ങളുടെ പുനരുദ്ധരിച്ച പതിപ്പുകൾ പ്രദർശിപ്പിക്കും. ഓളവും തീരവും, യവനിക, വാസ്തുഹാര എന്നീ ചിത്രങ്ങളുടെ ടു കെ ഡിജിറ്റൽ റെസ്റ്ററേഷൻ ചെയ്ത പതിപ്പുകളും കുമ്മാട്ടി, തമ്പ് എന്നീ ചിത്രങ്ങളുടെ ഫോർ കെ പതിപ്പുകളുമാണ് പ്രദർശിപ്പിക്കുക.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃകസംരക്ഷണപദ്ധതിയുടെ ഭാഗമായി പുനരുദ്ധരിച്ച സിനിമകളാണ് പി.എൻ.മേനോന്റെ ‘ഓളവും തീരവും’, കെ.ജി ജോർജിന്റെ ‘യവനിക’, ജി.അരവിന്ദന്റെ ‘വാസ്തുഹാര’ എന്നീ ചിത്രങ്ങൾ.

മലയാള സിനിമയെ ആദ്യമായി വാതിൽപ്പുറങ്ങളിലേക്കു കൊണ്ടുപോയ ചിത്രം, നവതരംഗത്തിന് അടിത്തറ പാകിയ ചിത്രം എന്നീ നിലകളിൽ ചലച്ചിത്ര ചരിത്രത്തിൽ നിർണായപ്രാധാന്യമുള്ള ‘ഓളവും തീരവും’ അക്കാദമിയുടെ ഡിജിറ്റൽ റെസ്റ്ററേഷൻ പദ്ധതിയിലെ ആദ്യസംരംഭമാണ്. മലയാളത്തിലെ ലക്ഷണമൊത്ത കുറ്റാന്വേഷണ ചിത്രം എന്ന ഖ്യാതിയുള്ള സിനിമയാണ് ‘യവനിക’. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രമാണ് ‘വാസ്തുഹാര’. ഓളവും തീരവും നവംബർ നാലിനും വാസ്തുഹാര അഞ്ചിനും യവനിക ആറിനും ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കും.

ഇന്ത്യയുടെ ചലച്ചിത്ര പൈതൃക സംരക്ഷണത്തിനായി ഡോക്യുമെന്ററി സംവിധായകൻ ശിവേന്ദ്രസിംഗ് ദുംഗാർപുർ സ്ഥാപിച്ച ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് തമ്പ്, കുമ്മാട്ടി എന്നീ ചിത്രങ്ങൾ ഫോർകെ റെസലൂഷനിൽ പുനരുദ്ധരിച്ചിരിക്കുന്നത്. ഈയിടെ അന്തരിച്ച ചലച്ചിത്രനിർമ്മാതാവ് ജനറൽ പിക്ചേഴ്സ് രവിക്കുള്ള ആദരമെന്ന നിലയിൽ ‘കുമ്മാട്ടി’ നവംബർ രണ്ടിന് നിളയിലും ‘തമ്പ്’ മൂന്നിന് ശ്രീയിലും പ്രദർശിപ്പിക്കും.
ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആകെ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ക്ളാസിക് ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ,സ്ത്രീപക്ഷ സിനിമകൾ,ജനപ്രിയ ചിത്രങ്ങൾ,ഡോക്യുമെന്ററികൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. തിയേറ്ററിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

Share This Post
Exit mobile version