Press Club Vartha

നേമം മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് നിർദേശം നൽകി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. രണ്ടാഴ്ച മുൻപുണ്ടായ കനത്ത മഴയെ തുടർന്നും കനാലുകളിലെ നീരൊഴുക്ക് തടസപ്പെട്ടതിനെ തുടർന്നും മണ്ഡലത്തിലെ ജനവാസമേഖലകളിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മഴ മാറിയിട്ടും ചില പ്രദേശങ്ങളിലെ വെള്ളം പൂർണമായും ഒഴുകിപോകാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചുചേർത്തത്.

അടിയന്തര ഇടപെടൽ ആവശ്യമായ പ്രദേശങ്ങളിൽ രണ്ട് ദിവസത്തിനകം നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറെ മന്ത്രി വി.ശിവൻകുട്ടി ചുമതലപ്പെടുത്തി. മഴക്കെടുതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വകുപ്പുകൾ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കുന്നതിന് കളക്ടറേറ്റ് തലത്തിൽ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. സബ് കളക്ടർ അശ്വതി ശ്രീനിവാസ് മോണിറ്ററിങ് കമ്മിറ്റിയുടെ മേൽനോട്ട ചുമതല നിർവഹിക്കും.

വകുപ്പുകൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ കളക്ടർ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർമാരേയും ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി തുടർയോഗങ്ങൾ ചേരുമെന്ന് മന്ത്രി പറഞ്ഞു. അടിയന്തരപ്രാധാന്യമുള്ള പ്രശ്നങ്ങളിൽ കാലതാമസമില്ലാതെയും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങളിൽ നടപടിക്രമങ്ങൾ പാലിച്ചും പരിഹാരം കണ്ടെത്തുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. നീരൊഴുക്ക് തടസപ്പെട്ട കനാലുകളും ഓടകളും കാലതാമസമില്ലാതെ വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദേശവും നൽകി.

സെക്രട്ടേറിയേറ്റ് അനെക്സ് രണ്ടിലെ നവകൈരളി ഹാളിൽ ചേർന്ന യോഗത്തിൽ കമലേശ്വരം, അമ്പലത്തറ, തിരുവല്ലം, ചാല, പുത്തൻപള്ളി, പൂങ്കുളം, പുഞ്ചക്കരി, പാപ്പനംകോട്, മേലാങ്കോട്, എസ്റ്റേറ്റ് വാർഡ്, തിരുമല, കാലടി, ആറ്റുകാൽ, കുര്യാത്തി, നേമം, പൊന്നുമംഗലം, തൃക്കണ്ണാപുരം, നെടുങ്കാട്, കരമന,തിരുമല, പുന്നയ്ക്കാമുകൾ വാർഡുകളിലെ കൗൺസിലർമാരും ജില്ലാ കളക്ടർ ജെറോമിക് ജോർജ് , സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ ജയമോഹൻ.വി, തിരുവനന്തപുരം കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ്, സ്വീവറേജ്, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Share This Post
Exit mobile version