Press Club Vartha

സമഭാവനയുടെ നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനാണ് കേരളീയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസം, സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജ് വേദിയിൽ ഒരുക്കിയ സാമൂഹ്യനീതിവകുപ്പിന്റെ പ്രദർശനവും ഓപ്പൺ ഫോറവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സമഭാവനയുടെ നവകേരളം സമ്പൂർണ്ണമായി സാക്ഷാത്കരിക്കാനാവശ്യമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തലാണ് കേരളീയത്തിലെ വിദഗ്ധ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്. വയോജനങ്ങൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, ജയിൽ മുക്തർ തുടങ്ങി സമൂഹത്തിൽ അവഗണന നേരിടുന്ന വിഭാഗങ്ങൾക്ക് അവകാശധിഷ്ഠിത നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ട്രാൻസ്ജൻഡർ വ്യക്തികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും അവരെ ശാക്തീകരിക്കാനുമാണ് സംസ്ഥാനസർക്കാർ ട്രാൻസ് ജൻഡർ നയം നടപ്പാക്കിയത്. തുടർന്ന് മഴവില്ല് അടക്കമുള്ള വിവിധ പദ്ധതികൾ നടപ്പാക്കിയതിലൂടെ സമൂഹത്തിൽ അവരുടെ ദൃശ്യത വർധിപ്പിക്കാനായി. അതിൽ അഭിമാനമുണ്ട്.

കുടുംബത്തിലും സമൂഹത്തിലും ട്രാൻസ് വ്യക്തികൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015 ൽ നടപ്പാക്കിയ ട്രാൻസ് ജൻഡർ നയം കാലാനുസൃതമായി പുതുക്കും. കാലഹരണപ്പെട്ട ജൻഡർ അവബോധം ഉല്ലംഘിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒരു സമൂഹം വികസിത സമൂഹമായി മാറുമ്പോൾ ഏറ്റവും അധികം പ്രയാസം നേരിടുന്നത് വയോജനങ്ങളാണ്. അവർക്ക് സാമൂഹിക സുരക്ഷയും അംഗീകാരവും ഉറപ്പുവരുത്തും. ഭിന്നശേഷിക്കാർക്ക് എല്ലാ മേഖലകളും പ്രാപ്യമാക്കലും സർക്കാർ ലക്ഷ്യമാണ്- മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ മൈക്രോ ഇവന്റുകളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി മാഗസിന്റെ കേരളീയം സ്പെഷ്യൽ പതിപ്പ് പ്രകാശനവും മന്ത്രി നിർവഹിച്ചു.
തുടർന്ന് ‘കേരള ട്രാൻസ് ജൻഡർ പോളിസി-ഒരു ജനതയുടെ അതിജീവനവും സാമൂഹിക പരിവർത്തനവും’ എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും വേദിയിൽ നടന്നു. പരിപാടിയുടെയും സെമിനാറിന്റെയും ആംഗ്യഭാഷ അവതരണം നിഷിലെ ഇംഗ്ലീഷ് അധ്യാപിക ചിത്ര പ്രസാദ് നിർവഹിച്ചു.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, ഭിന്നശേഷി കോർപറേഷൻ എം.ഡി: കെ. മൊയ്തീൻകുട്ടി, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി അഡ്വ. സിനു കുമാർ, സംസ്ഥാന ട്രാൻസ് ജൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശാമ എസ്. പ്രഭ എന്നിവർ പങ്കെടുത്തു.

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ പ്രദർശനം നടത്തുന്ന നിപ്മെർ എടി തട്ടുകട, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് രജിസ്ട്രേഷനുള്ള യുഡിഐഡി കൗണ്ടർ, നിഷ് സ്റ്റാൾ, ഭിന്നശേഷി കുട്ടികളുടെ പരിചരണ ബോധവത്കരണത്തിനുള്ള റീഹാബ് ബസ്, വയോജന പരിചരണ ബോധവത്കരണത്തിനുള്ള ലൈഫ് സ്റ്റൈൽ ബസ് എന്നിവ പ്രദർശനത്തിലുണ്ട്. നവംബർ 6 വരെ ഈ വേദിയിൽ വിവിധ വിഷയങ്ങളിലായി എട്ട് ഓപ്പൺ ഫോറങ്ങളും അരങ്ങേറും.

Share This Post
Exit mobile version