Press Club Vartha

ചുണ്ടൻ വള്ളം, കടുവ, വേഴാമ്പൽ… കൗതുകകാഴ്ചകൾ ഒരുക്കി പുഷ്പമേള

തിരുവനന്തപുരം: പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ ഗാന്ധിജിയും വേഴാമ്പലും ചുണ്ടൻ വള്ളവും തെയ്യവുമായി ‘കേരളീയ’ത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പുഷ്പമേള ജനക്കൂട്ടത്തിന്റെ ആകർഷണകേന്ദ്രമായി.

പുത്തരിക്കണ്ടം, സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ ആറു വേദികളിലായിട്ടാണ് പുഷ്പോത്സവം ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ ആറിടങ്ങളിൽ പുഷ്പ ഇൻസ്റ്റലേഷനും ഏഴു പ്രധാന ജങ്ഷനുകളിലായി പൂക്കൾ കൊണ്ടുള്ള വിളംബരസ്തംഭംങ്ങളും ഒരുക്കിയിട്ടുണ്ട്.

കനകക്കുന്നിൽ കടുവയും ഗാന്ധിജിയും പുത്തരിക്കണ്ടത്ത് ചുണ്ടൻ വള്ളവും ടാഗോർ തിയറ്ററിൽ തെയ്യവും എൽ.എം.എസ് പള്ളിയുടെ മുൻപിൽ വേഴാമ്പലും സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയം ലോഗോയുമാണ് പുഷ്പ ഇൻസ്റ്റലേഷനുകളായി ഒരുക്കിയിട്ടുള്ളത്.

കനകക്കുന്നിൽ പുഷ്പങ്ങളുടെ അലങ്കാരവും ഫ്ളോറിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ മത്സരങ്ങളും ഉണ്ടാകും. വെള്ളയമ്പലം, കനകക്കുന്ന് കൊട്ടാരം, എൽ.എം.എസ്, രാമറാവു ലാംപ്, പി.എം.ജി, പാളയം രക്തസാക്ഷി മണ്ഡപം, സ്റ്റാച്യു മാധവറാവു പ്രതിമ, തമ്പാനൂർ പൊന്നറ ശ്രീധർ പാർക്ക് എന്നിവിടങ്ങളിലാണ് വിളംബരസ്തംഭങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഒരു ലക്ഷത്തോളം ചെടികളാണ് കനകക്കുന്നിലും മറ്റ് അഞ്ചുവേദികളിലുമായി എത്തിച്ചിട്ടുള്ളത്. ഇതോടൊപ്പം പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, മ്യൂസിയം, മൃഗശാല, സെക്രട്ടേറിയറ്റ്, വിക്രം സാരാഭായ് സ്പേസ് സെന്റർ, കാർഷിക സർവകലാശാല, ഹോർട്ടികൾച്ചർ മിഷൻ, പൂജപ്പുര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും കേരളീയം പുഷ്പമേളയുടെ ഭാഗമാകുന്നുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. പ്രവേശം സൗജന്യമാണ്.

Share This Post
Exit mobile version