കഴക്കൂട്ടം: കയറ്റുയിറക്കു കൂലി തർക്കത്തിൽ കുരുങ്ങി പാചവാതക ഫില്ലിംഗിനായി പ്ളാന്റിൽ എത്തിച്ച കൂറ്റൻ മെഷീൻ ഇറക്കാൻ കഴിയാതെ തിരിച്ചു കൊണ്ടുപോകേണ്ടവസ്ഥയിൽ. ഭാരത് പെട്രോളിയത്തിന്റെ കഴക്കൂട്ടം മേനംകുളത്തുള്ള പാചക വാതക സിലിണ്ടർ ഫില്ലിംഗ് പ്ളാന്റിലാണ് സംഭവം. നിലവിൽ ഉണ്ടായിരുന്ന ഫില്ലിംഗ് മെഷീന്റെ കാലപഴക്കം കൊണ്ടു വേണ്ടത്ര സിലിണ്ടർ ഫില്ലിംഗ് നടക്കാതെ വന്നപ്പോഴാണ് പുതിയത് കഴിഞ്ഞ ദിവസം ലോറിയിൽ കമ്പനിയിൽ എത്തിച്ചത്.
ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാൻ കഴിയുകയുള്ളു. ഇതിനിടിയൽ പുറത്ത് നിന്നുള്ള വിവിധ ട്രെയിഡ് യൂണിയനിൽപ്പെട്ട തൊഴിലാളികൾ നോക്കു കൂലി ആവശ്യപ്പെട്ടതോടെയാണ് മെഷീൻ യഥാസമയം ഇറക്കി വയ്ക്കാൻ കഴിയാത്തവസ്ഥയിലായത്. എന്നിരുന്നാലും നോക്കുകൂലിയായി 8000 രൂപ കമ്പനി കൊടുക്കാമെന്ന് പറഞ്ഞുവെങ്കിലും അത് പോരെന്നുള്ള നിലപാടിലാണ് തൊഴിലാളികൾ.
തർക്കം രൂക്ഷമായതോടെ കൊണ്ടുവന്ന മെഷീൻ രണ്ടുദിവസമായി ഇറക്കാനാകാത്തതിനെ തുടർന്ന് തിരിച്ച് ഭോപ്പാലിലേക്ക് കൊണ്ടുപോകേണ്ടവസ്ഥയിലാണ്. തിരുവനന്തപുരം അടക്കം മൂന്നുജില്ലകളിൽ ദിവസം നാൽപ്പതിലേറെ ലോഡ് സിലിണ്ടറുകളാണ് ഇവിടെ ഫില്ല് ചെയ്ത് കൊണ്ടുപോയിരുന്നത്. മെഷീന്റെ കാര്യക്ഷമത നഷ്ട്ടപ്പെട്ടതോടെ 20 ലോഡുകൾ മാത്രമേ ഫില്ലുചെയ്യാൻ കഴിയുന്നുവുള്ളത്രെ. അതേ സമയം ഇപ്പോൾ കൊണ്ടു വന്ന ഫില്ലിംഗ് മെഷീൻ മാറിപോയതാണെന്ന് കപ്പാസിറ്റി കുറഞ്ഞതാണെന്നും കൊണ്ടുവന്നതെന്ന് ഇത് തിരിച്ചയ്ക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. മാത്രമല്ല യൂണിയൻ തൊഴിലാളികളുമായി യാതൊരു തർക്കവുമില്ലെന്ന് അവരുടെ പക്ഷം.