Press Club Vartha

മാലിന്യ സംസ്‌കരണം: വിവിധ പഞ്ചായത്തുകളിൽ പരിശോധന

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി, ശുചിത്വ മിഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച പഞ്ചായത്ത് തലവിജിലൻസ് സ്‌ക്വാഡുകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. ചിറയിൻകീഴ്, കരകുളം, പനവൂർ പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ സ്‌ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. ശാർക്കര യു.പി സ്‌കൂൾ, ശ്രീ ശാരദ വിലാസം ഹയർസെക്കണ്ടറി സ്‌കൂൾ, ശാർക്കര ദേവസ്വം ബോർഡ് ഓഡിറ്റോറിയം, കാർത്തിക ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തിയത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന കടകൾക്ക് നേട്ടീസ് നൽകി ഫൈൻ ഈടാക്കുമെന്ന് സ്‌ക്വാഡ് അറിയിച്ചു. സ്‌കൂളുകളിൽ ശരിയായ രീതിയിൽ മാലിന്യപരിപാലനം നടത്തുന്നതിന് നിർദേശവും നൽകി.

കരകുളം ഗ്രാമപഞ്ചായത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. ശരിയായ മാലിന്യ സംസ്‌കാരണ സംവിധാനങ്ങൾ ഉറപ്പാക്കി. ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനരഹിതമെന്ന് കണ്ടെത്തിയ സ്ഥാപനങ്ങളിൽ തുമ്പൂർമൂഴി സ്ഥാപിക്കുന്നതിനുള്ള നിർദേശവും സ്‌ക്വാഡ് നൽകി. പനവൂർ പഞ്ചായത്തിൽ വില്ലേജ് ഓഫീസ്, കൃഷി ഭവൻ, ക്ഷീര സംഘം ഓഫീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മാലിന്യസംസ്‌കരണരീതികൾ സ്‌ക്വാഡ് പരിശോധിച്ചു. പഞ്ചായത്ത് തല വിജിലൻസ് സ്‌ക്വാഡിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരും.

Share This Post
Exit mobile version