Press Club Vartha

കേരളത്തിലെ ഐടി കയ​റ്റുമതി വരുമാനത്തിൽ നേട്ടം കൈവരിച്ചു ടെക്‌നോപാർക്ക്

കഴക്കൂട്ടം: കേരളത്തിലെ ഐടി കയ​റ്റുമതി വരുമാനത്തിൽ നേട്ടം കൈവരിച്ചു ടെക്‌നോപാർക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1855 കോടി രൂപയുടെ വളർച്ചയാണ് ടെക്‌നോപാർക്ക് നേടിയിരിക്കുന്നത്. 2022 – 23 സാമ്പത്തിക വർഷം 11,630 കോടി രൂപയുടെ കയ​റ്റുമതി വരുമാനം ടെക്‌നോപാർക്ക് നേടി. മുൻവർഷത്തെക്കാൾ 19 ശതമാനത്തിന്റെ നേട്ടം ഇക്കുറിയുണ്ടായത്.

പുറമേ സാമ്പത്തിക ഭദ്രതയിൽ കൃത്യമായ പുരോഗതി നിലനിർത്തുകയും ക്രയവിക്രയങ്ങൾ സുഗമമായി നടത്തുകയും ചെയ്തതിന് ക്രിസിൽ (ക്രെഡി​റ്റ് റേ​റ്റിംഗ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമി​റ്റഡ്) എ പ്ലസ് ഗ്രേഡ് നിലനിർത്തുന്നതായുള്ള അംഗീകാരവും കഴിഞ്ഞ മൂന്ന് വർഷമായി ടെക്‌നോപാർക്കിന് ലഭിക്കുന്നുണ്ട്. നിലവിൽ 768.63 ഏക്കറിൽ 11.22 മില്യൺ സ്‌ക്വയർഫീ​റ്റ് സ്ഥലത്തായി 486 കമ്പനികളിൽ 72,000 ജീവനക്കാരാണ് ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 46 കമ്പനികൾ ടെക്‌നോപാർക്കിൽ പുതിയ ഐ.ടി/ഐ.ടി.ഇ.എസ് ഓഫീസുകൾ ആരംഭിച്ചു.

ഇതിൽ  465 കമ്പനികൽ നിന്നായി 9775 കോടിയായിരുന്നു ടെക്‌നോപാർക്കിന്റെ കയ​റ്റുമതി വരുമാനം. സോഫ്റ്റുവെയർ കയ​റ്റുമതിയിൽ ഓരോവർഷവും മുൻപന്തിയിലാണ്.  കേരളത്തിന്റെ ആകെ ഐ.ടി എക്കോസിസ്​റ്റത്തിന്റെ പരിപോഷണത്തിന് ഈ വളർച്ച ശുഭസൂചനയാണെന്നും ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.) പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ടെക്‌നോപാർക്ക് നേരിട്ടു നടത്തുന്ന വികസന പ്രവർത്തനങ്ങളും കോ ഡെവലപ്പർമാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും നഗരത്തിലെ മികച്ച സാമൂഹിക ഘടനയും ഐടി മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവുന്നുണ്ട്.

Share This Post
Exit mobile version