Press Club Vartha

ബാബറി പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘നവംബര്‍ 9’ എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കിയത്.

കേരള സര്‍ക്കാര്‍ ഫയലില്‍ തുടങ്ങി, സുപ്രീം കോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥ ശിശു, എന്നിങ്ങനെ ബാബറി മസ്ജിദില്‍ അവസാനിക്കുന്ന മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘മാര്‍ക്കോ’ ആണ് ഉണ്ണിയെ നായകനാക്കി നേരത്തെ ക്യൂബ്‌സ് പ്രഖ്യാപിച്ച ചിത്രം. ഇതിന് പിന്നാലെയാണ് ‘നവംബര്‍ 9’ കൂടി ഉണ്ണിയുടേതായി പ്രഖ്യാപിച്ചത്. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ‘മാര്‍ക്കോ’യ്ക്ക് ശേഷമാകും ‘നവംബര്‍ 9’ യുടെ ചിത്രീകരണം ആരംഭിക്കുക. അടുത്തവര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.

Share This Post
Exit mobile version