Press Club Vartha

നർഗീസ് ബീഗത്തിന്റെ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു

ഷാർജ: ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നർഗീസ് ബീഗത്തിന്റെ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. എ കെ ഫൈസൽ (മലബാർ ഗോൾഡ്) പ്രകാശന കർമ്മം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടി ആദ്യപ്രതി ഏറ്റുവാങ്ങി.

സിദ്ദീഖ് ലിയോ ടെക്, എം എ സുഹൈൽ, അഡ്വ വൈ എ റഹീം, ലിപി അക്ബർ, നർഗീസ് ബീഗം,സുബൈർ ചെർപ്പുളശ്ശേരി, തമീം,മുഹമ്മദ് സാലി, താരിഖ് അൻവർ നബീൽ അൻസാരി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സാമൂഹ്യപ്രവർത്തകയായ നർഗീസ് ബീഗത്തിന്റെ കർമ്മപഥങ്ങളിൽ നിന്നും അടർത്തിയെടുത്ത ഏതാനും ഏടുകളാണ് ‘ഞാൻ നർഗീസ് ബീഗം’ എന്ന ആത്മകഥ. നമുക്ക് ചുറ്റുമുള്ള അനേകരുടെ ദയനീയമായ ജീവിതം ആത്മകഥയിൽ അവർ വരച്ചു കാണിക്കുന്നു. നിത്യ ദാരിദ്ര്യത്തിന്റെ ചുറ്റുപാടിൽ നിന്ന് സ്വപ്രയത്നത്തിലൂടെ നഴ്സിംഗ് മേഖലയിലെത്തി തന്റെ പ്രൊഫഷനോടൊപ്പം സാമൂഹിക സേവനം ജീവിത വ്രതം ആക്കിയ നർഗീസ് ബീഗത്തിന്റെ ജീവിതമാതൃക പ്രശംസനീയമാണ്.

ഇത് എന്റെ ജീവിതമാണ് നടന്നു തീർത്ത വഴികളുടെ അടയാളപ്പെടുത്തലുകൾ ചുട്ടുനീറുന്ന അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ കണ്ണീരും നോവും സ്വപ്നങ്ങളും കുഞ്ഞു സന്തോഷങ്ങളും കെട്ടുപിണഞ്ഞ യാത്രകളാണ് എന്റെ ജീവിതമെന്ന് നർഗീസ് പറഞ്ഞു.

Share This Post
Exit mobile version